mohan

തൃശൂർ: സംഗീത സംവിധായകൻ മോഹൻ സിതാര സംവിധായകനാകുന്നു. മ്യൂസിക്കൽ ലൗ സ്​റ്റോറി ഇതിവൃത്തമാക്കി ‘ഐ ആം സോറി ’എന്ന സിനിമയാണ്​ സംവിധാനം ചെയ്യുന്നത്​. 20 വർഷമായുള്ള മോഹമാണ്​ ഇതോടെ പൂവണിയുന്നതെന്ന്​ മോഹൻ സിതാര വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

സംവിധാനം മാത്രമല്ല കഥയും തിരക്കഥയും സംഭാഷണവുമൊക്കെ മോഹൻ സിതാരയാണ്​. സിനിമയുടെ ചിത്രീകരണം ആഗസ്​റ്റിൽ തുടങ്ങും. പുതുമുഖങ്ങളായ അഭിന സേവ്യർ, ഓം പ്രേം എന്നിവരാണ്​ നായികാ നായകൻമാർ. പഴയകാല നടി ചാർമിളയുടെ നീണ്ട ഇടവേളക്ക്​ ശേഷമുള്ള തിരിച്ചുവരവും ചിത്രത്തിലുണ്ടാകും. മോ ഇന്റർനാഷണൽ എന്റർടെയ്​ൻമെൻ്റ്സിൻ്റെ ബാനറിൽ മോഹൻ സിതാര, ബിനോയ്​ ഇടത്തിനടത്ത്​, കെ. സിന്ധു, എം.ബി മുരുകൻ എന്നിവരാണ്​ ചിത്രം നിർമ്മിച്ചിട്ടുള്ളത്​. മലയാളം, തമിഴ്​, ഇംഗ്ലീഷ്​ ഭാഷകളിലുള്ള ഗാനങ്ങൾ അടക്കം ഏഴ്​ പാട്ടുകളുണ്ട്​ സിനിമയിൽ.

പുതുമുഖ ഗായകരാണ്​ പാടിയിട്ടുള്ളത്​. മോഹൻ സിതാരയുടെ മകൻ വിഷ്​ണുവാണ്​ സംഗീത സംവിധാനവും പശ്​ചാത്തല സംഗീതവും. ഛായാഗ്രാഹണം: രജിത് ടി. നന്ദനം. വേൾഡ്​ വൈഡ്​ റിലീസാണ്​ ഉദ്ദേശിക്കുന്നത്​. വ്യവസായികളായ ഐ.ബി രവീന്ദ്രൻ, സാനു എന്നിവർ ഇതിന്​ സഹായം ചെയ്​തുതരാമെന്ന്​ സമ്മതിച്ചതായി മോഹൻ സിതാര പറഞ്ഞു. വാർത്താ സമ്മേളത്തിൽ ബിനോയ്​ ഇടത്തിനടത്ത്, ടി.പി രവി, എം.ബി മുരുകൻ തുടങ്ങിയവരും പ​ങ്കെടുത്തു.