thakkol-danam
ഗോൾഡൻ ഏജ് ഒഫ് ആർ.എം.വി.എച്ച്.എസ് പൂർവ വിദ്യാർത്ഥി കൂട്ടായ്മ നിർമ്മിച്ചു നൽകുന്ന വീടിന്റെ താക്കോൽ മന്ത്രി അഡ്വ.വി.എസ്.സുനിൽ കുമാർ കൈമാറുന്നു.

കയ്പമംഗലം: അകാലത്തിൽ വിടപറഞ്ഞ സഹപാഠിയുടെ കുടുംബത്തിന് വിഷു കൈനീട്ടമായി വീട് നിർമ്മിച്ച് നൽകി പൂർവവിദ്യാർത്ഥികളുടെ കാരുണ്യ കൂട്ടായ്മ. പെരിഞ്ഞനം പുളിഞ്ചോടിന് സമീപം തെക്കുംതോട്ടത്ത് ശാന്തന്റെ കുടുംബത്തിനാണ് ഗോൾഡൻ ഏജ് ഒഫ് ആർ.എം.വി.എച്ച്.എസ് എന്ന പേരിലുള്ള പെരിഞ്ഞനം ആർ.എം.വി.എച്ച്.എസ് സ്‌കൂളിലെ പൂർവവിദ്യാർത്ഥി കൂട്ടായ്മ സ്‌നേഹനിധി വീട് നിർമ്മിച്ച് നൽകിയത്.

2019 ഒക്ടോബറിലാണ് ധർമ്മപുരിയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ശാന്തൻ മരണപ്പെട്ടത്. ഇതോടെ ഭാര്യയും, രണ്ട് കുട്ടികളുമടങ്ങുന്ന ശാന്തന്റെ കുടുംബത്തിന്റെ വരുമാനം നിലച്ചു. ഷീറ്റ് മേഞ്ഞ കൂരയിൽ കഴിഞ്ഞിരുന്ന ഈ കുടുംബത്തിന്റെ ദുരവസ്ഥ നേരിട്ടറിഞ്ഞ സഹപാഠികൾ ഇവർക്ക് വീട് നിർമ്മിക്കാൻ മുന്നിട്ടിറങ്ങുകയായിരുന്നു. ഗോൾഡൻ ഏജ് ഒഫ് ആർ.എം.വി.എച്ച്.എസ് വാട്‌സ്ആപ്പ് കൂട്ടായ്മയിലൂടെയാണ് വീട് നിർമ്മിക്കുന്നതിനുള്ള പണം സ്വരൂപിച്ചത്. 610 ചതുരശ്ര അടിയിലുള്ള വീട് ഒമ്പതര ലക്ഷം രൂപ ചെലവിലാണ് നിർമ്മിച്ചത്.

സ്‌കൂളിൽ നടന്ന ചടങ്ങിൽ മന്ത്രി അഡ്വ. വി.എസ് സുനിൽകുമാർ വീടിന്റെ താക്കോൽ കൈമാറി. അബ്ദുൾ ഷാഹിർ അദ്ധ്യക്ഷനായി. ഇ.ടി ടൈസൺ എം.എൽ.എ മുഖ്യാതിഥിയായി. പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹൻദാസ്, എൻ.കെ അബ്ദുൾ നാസർ, ഇ.ആർ ഷീല, ഉണ്ണിക്കൃഷ്ണൻ, ബി. ബീബ, ഇ.ആർ കാർത്തികേയൻ മാസ്റ്റർ, ഫാത്തിമ മോഹൻ, നഫീസത്ത് ബീവി, നൂറുദ്ദീൻ ബാവ എന്നിവർ സംസാരിച്ചു.