pv-vinod

മാള: തേച്ചു മിനുക്കിയ വെള്ള ഷർട്ടും മുണ്ടും ഔദ്യോഗിക വാഹനവുമില്ലാതെ അന്നമനടയുടെ ഗ്രാമത്തലവനായ പി.വി വിനോദ് രാവിലെ ആക്രി പെറുക്കാനിറങ്ങും. കളർ മുണ്ട് ഉടുത്ത് സ്വന്തം ബൈക്കിൽ. ഉപജീവനത്തിനല്ല, മറ്റുള്ളവരുടെ ദുരിതം കണ്ടറിഞ്ഞ് താങ്ങാകാനാണ് ഒഴിവു നേരങ്ങളിലെ ഈ ആക്രി പെറുക്കൽ.

യുവത്വം സന്നദ്ധം എന്ന പേരിലുള്ള ജീവൻ രക്ഷാ പ്രവർത്തനത്തിന് ഇങ്ങനെ പഞ്ചായത്ത് മുഴുവൻ നേതൃത്വം നൽകുകയാണ് വിനോദ്. ഓട്ടോ തൊഴിലാളിയായ കെ.ഒ. ലിജുവിന് കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്കുള്ള ചെലവ് കണ്ടെത്താനാണ് ഈ സംരംഭം ആരംഭിക്കുന്നത്. 18 വാർഡുകളാണ് അന്നമനട പഞ്ചായത്തിലുള്ളത്. ഇതിൽ 9 - 9 എന്ന രീതിയിൽ തുല്യനിലയിലാണ് യു.ഡി.എഫും എൽ.ഡി.എഫും. നറുക്കെടുപ്പിലൂടെയാണ് വിനോദ് അദ്ധ്യക്ഷ പദവിയിലെത്തിയത്. പക്ഷേ ജീവകാരുണ്യ പ്രവർത്തനത്തിനായി അദ്ധ്യക്ഷൻ തന്നെ മുന്നിട്ടിറങ്ങിയതോടെ ആക്രി പെറുക്കാൻ രാഷ്ട്രീയഭേദമന്യേ ഓരോ വാർഡിലെ പ്രതിനിധികളും രംഗത്തിറങ്ങി.

ഞായറാഴ്ചകളിലാണ് ഒരുമിച്ചുള്ള ആക്രി ശേഖരണം. ശേഷിക്കുന്ന ദിവസങ്ങളിൽ സൗകര്യപ്പെടുന്നവർ മാത്രം രംഗത്തിറങ്ങും.

ഓരോ വാർഡിലും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകരുടെ കൂട്ടായ്മയും രൂപീകരിച്ചിട്ടുണ്ട്. ലിജുവിന് മാത്രമല്ല പാവപ്പെട്ട രോഗികൾക്ക് ചികിത്സാ ചെലവിനായി ഇത്തരത്തിൽ മാതൃകാ പ്രവർത്തനം നടത്താനാണ് ഇപ്പോഴവരുടെ തീരുമാനം. വീടുകളിൽ നിന്നുള്ള പഴയ പത്രങ്ങൾ, പുസ്തകങ്ങൾ, ഇരുമ്പ് സാധനങ്ങൾ തുടങ്ങിയവയെല്ലാം ഇവർ ശേഖരിക്കുന്നു. ആദ്യപടിയായി ആക്രി വിൽപ്പനയിലൂടെ ഓരോ വാർഡിൽ നിന്ന് ശരാശരി 10,000 രൂപ സമാഹരിക്കാനാണ് തീരുമാനം. ഇതിനകം മൂന്നര ലക്ഷം രൂപ സമാഹരിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി അന്നമനട പഞ്ചായത്ത് ആക്രി പെറുക്കി കൈകോർക്കുമ്പോൾ ഒഴിവാക്കുന്നത് മാലിന്യം കൂടിയാണ്. വിവാഹങ്ങൾക്കായി മണ്ഡപങ്ങൾ ഒരുക്കലാണ് വിനോദിന്റെ ജോലി. ആ ജോലിക്കിടയിലാണ് ആക്രിപെറുക്കാനും സമയം കണ്ടെത്തുന്നത്.

രാവിലെ ഞാൻ ആക്രി പെറുക്കാൻ ഇറങ്ങുമ്പോൾ മറ്റു മെമ്പർമാരും സന്നദ്ധ പ്രവർത്തകരും വിവിധ ഇടങ്ങളിൽ ഒപ്പമുണ്ടാകും. വെളുപ്പിന് എഴുന്നേൽക്കുന്ന ഞാൻ ഇത്തരം പ്രവർത്തനം കഴിഞ്ഞാണ് വസ്ത്രം മാറി മറ്റു പരിപാടികൾക്കെത്തുന്നത്. കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാവരും സഹകരിക്കുന്നു. മത്സരാടിസ്ഥാനത്തിലാണ് മെമ്പർമാരുടെ നേതൃത്വത്തിൽ പ്രവർത്തനം നടക്കുന്നത്

പി.വി വിനോദ്
അന്നമനട പഞ്ചായത്ത് പ്രസിഡന്റ്.