chettuva-accident

ചാവക്കാട്: ചേറ്റുവ പാലത്തിൽ കണ്ടെയ്‌നർ ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. മേലെ പട്ടാമ്പി സ്വദേശികളായ കൊളമ്പിൽ വീട്ടിൽ കുഞ്ഞുമുഹമ്മദ് മകൻ കുഞ്ഞുമണി എന്ന മുഹമ്മദാലി (49), ഓങ്ങലൂർ കൊണ്ടൂർക്കര കൊപ്പത്ത് പാറമേൽ ബാവ മകൻ ഉസ്മാൻ (60) എന്നിവരാണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 2.30 നായിരുന്നു അപകടം. ചാവക്കാട് ഭാഗത്ത് നിന്നും വരികയായിരുന്ന കണ്ടെയ്‌നർ ലോറി മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടം. പിക്കപ്പ് വാനിലുണ്ടായിരുന്ന പട്ടാമ്പി സ്വദേശികളെ നാട്ടുകാർ ഏതാനും മീറ്റർ അകലെയുള്ള ചേറ്റുവ ടി.എം. ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരും മരണത്തിന് കീഴടങ്ങി. ഇടിയുടെ ആഘാതത്തിൽ വാനിന്റെ മുൻഭാഗം പൂർണമായും തകർന്നു. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.