വടക്കാഞ്ചേരി: പ്രകൃതിദത്ത ഫാം ടൂറിസം എന്ന ആശയത്തോടെ കൊണ്ടുവന്ന പീച്ചി വാഴാനി ടൂറിസം കോറിഡോർ റോഡിന്റെ നിർമ്മാണം മുടങ്ങി. റോഡിനാവശ്യമായ സ്ഥലം സർക്കാർ ഏറ്റെടുത്തു നൽകാത്തതിനാൻ റോഡിന്റെ നിർമ്മാണം ആരംഭിക്കാനായില്ല. മന്ത്രി എ.സി. മൊയ്തീൻ ടൂറിസം വകുപ്പിന്റെ ചുമതല വഹിക്കുമ്പോഴാണ് ടൂറിസം പദ്ധതിയും റോഡും പ്രഖ്യാപിച്ചത്.
ജില്ലയിലെ ടൂറിസം വികസനത്തിൽ എൽ.ഡി.എഫ് സർക്കാരിന്റെ കൈയ്യൊപ്പായി പ്രഖ്യാപിച്ച പീച്ചി വാഴാനി ടൂറിസം കോറിഡോർ റോഡിന്റെ നിർമ്മാണമാണ് ആരംഭിക്കാൻ കഴിയാതെ പോയത്. 2016 - 17ലെ ബഡ്ജറ്റിൽ 62 കോടി രൂപ പദ്ധതിക്കായി അനുവദിച്ചിരുന്നു. കിഫ്ബിയാണ് തുക അനുവദിച്ചത്.
കോറിഡോർ റോഡിന്റെ നിർമ്മാണം പൂർത്തീകരിക്കുന്നതോടെ അഭ്യന്തര ടൂറിസം രംഗത്ത് അടിസ്ഥാന സൗകര്യങ്ങളിൽ കുതിച്ചു ചാട്ടമുണ്ടാക്കുമെന്നായിരുന്നു അവകാശവാദം.
പദ്ധതിയുടെ നടത്തിപ്പിനായി 2019 ഓഗസ്റ്റിൽ ഇ.കെ.കെ എന്ന കാരാറുകാരൻ നിർമ്മാണച്ചുമതല ഏറ്റെടുക്കുകയും കരാർ വയ്ക്കുകയും ചെയ്തു. ഒരു വർഷം കൊണ്ട് നിർമ്മാണം പൂർത്തീകരിക്കാനാണ് കരാറിൽ നിദേശിച്ചിരുന്നത്. എന്നാൽ രണ്ടു വർഷം കഴിഞ്ഞിട്ടും റോഡിനാവശ്യമായ ഭൂമി ഏറ്റെടുത്തു നൽകാൻ സർക്കാരിനായില്ല. ഇതോടെ ഓഫീസും, ടാറിംഗ് പ്ലാന്റ് അടക്കം നിർമ്മാണ പ്രവൃത്തികൾക്കായി സൗകര്യം ഒരുക്കിയിരുന്ന കരാറുകാരൻ പിൻ വാങ്ങി.
തെക്കുംകര പഞ്ചായത്തിൽ ഭൂമി ഏറ്റെടുക്കൽ പ്രവൃത്തികൾ പൂർത്തിയായെങ്കിലും, പാണഞ്ചേരി, മാടക്കത്തറ എന്നീ പഞ്ചായത്തുകളിലെ ഭൂമി ഏറ്റെടുക്കൽ എങ്ങുമെത്തിയില്ല. ഈ പ്രദേശങ്ങളിൽ പുറമ്പോക്ക് ഭൂമിയിൽ ആളുകൾ താമസിക്കുന്നവർക്ക് മറ്റൊരിടത്ത് വീട് വച്ച് കൊടുക്കുകയോ പണം നൽകുകയോ ചെയ്യണം. ഇതിനിടെ ചിലർ കോടതിയെയും സമീപിച്ചിട്ടുണ്ട്. പുതിയ സർക്കാർ അധികാരത്തിലെത്തിയാൽ റോഡ് യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ നാട്ടുകാർ
സ്ഥലം ഏറ്റെടുക്കുമ്പോൾ പുറമ്പോക്കിൽ താമസിക്കുന്നവർക്ക് പുനരധിവാസം ഒരുക്കും. റോഡ് എത്രയും പെട്ടെന്ന് പൂർത്തീകരിക്കും
- കെ. രാജൻ എം.എൽ.എ
മുടങ്ങിപ്പോയ പീച്ചി - വാഴാനി റോഡ് നിർമ്മാണം റീടെൻഡർ വച്ച് ഉടൻ ആരംഭിക്കും. ജില്ലയുടെ അഭിമാന പദ്ധതിയാണിത്.
- മന്ത്രി എ.സി. മൊയ്തീൻ
റോഡ് നിർമ്മാണം ഇതുവരെ
അഭിമാന പദ്ധതി
ഒല്ലൂരിലെ മുടിക്കോട് നിന്നാരംഭിച്ച് ചിറക്കാകോട്, പൊങ്ങണംകാട്, താണിക്കുടം വഴി തെക്കുംകര പഞ്ചായത്തിലെ വാഴാനി റോഡിൽ കരുമത്ര വരെയാണ് ഇടനാഴി റോഡ്. കോറിഡോർ റോഡിന്റെ നിർമ്മാണം പൂർത്തീകരിക്കുന്നതോടെ അഭ്യന്തര ടൂറിസം രംഗം അഭിവൃദ്ധിപ്പെടുമെന്നായിരുന്നു കണക്കുകൂട്ടൽ.