ചാലക്കുടി: ചാലക്കുടിയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കർശനമാക്കാൻ നഗരസഭ വിളിച്ചു ചേർത്ത ഉദ്യോഗസ്ഥ സർവ്വകക്ഷി യോഗത്തിൽ തീരുമാനിച്ചു. കൊവിഡിന്റെ രണ്ടാം തരംഗം തടയുന്നതിന് ജില്ലാ കളക്ടർ നൽകിയിരിക്കുന്ന ഉത്തരവുകൾ വീഴ്ചകളില്ലാതെ നടപ്പാക്കാനാണ് ചെയർമാൻ വി.ഒ. പൈലപ്പന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചത്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കെടുത്ത മുഴുവൻ ഉദ്യോഗസ്ഥരേയും ജന പ്രതിനിധികളേയും ഉൾപ്പടെ ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് വിധേയരാക്കും. മറ്റുള്ളവർക്ക് കൊവിഡ് പരിശോധനയും വ്യാപകമാക്കും. കളകടറുടെ നിർദ്ദേശങ്ങൾ അടങ്ങിയ ലഘുലേഖകൾ വിവിധ ഓഫീലുകളിലുംല കച്ചവട സ്ഥാപനങ്ങളിലും വിതരണം ചെയ്യും. വാർഡുകളിൽ നിലവിലുള്ള ജനജാഗ്രത സമിതികളുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനും തീരുമാനിച്ചു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.എൻ.എ. ഷീജ കൊവിഡ് വ്യാപനത്തെക്കുറിച്ച് വിശദീകരിച്ചു. വൈസ് ചെയർപേഴ്‌സൺ സിന്ധു ലോജു, ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.വി. പോൾ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് ജോയ് മൂത്തേടൻ, റവന്യു, പൊലീസ്, ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ സംബന്ധിച്ചു.