തൃശൂർ: ശക്തന്റെ തട്ടകം പൂരാഘോഷത്തിലേക്ക് കടക്കുന്ന പൂരങ്ങളുടെ പൂരത്തിന് നാളെ കൊടിയേറ്റം. രാവിലെ 11.15നും 12നും മദ്ധ്യേയാണ് തിരുവമ്പാടി വിഭാഗത്തിന്റെ കൊടിയേറ്റം. പാറമേക്കാവ് വിഭാഗം ഉച്ചയ്ക്ക് 12.05ന് ശേഷമായിരിക്കും കൊടിയേറ്റുക. തട്ടകകാരുടെ സാന്നിദ്ധ്യത്തിൽ ഭൂമി പൂജയ്ക്ക് ശേഷമാകും കൊടിയേറ്റം.
ഘടക ക്ഷേത്രങ്ങളായ അയ്യന്തോൾ, നെയ്തലക്കാവ്, ലാലൂർ, കണിമംഗലം, ചെമ്പുക്കാവ്, പനേക്കുംമ്പിള്ളി, കാരമുക്ക് പൂക്കാട്ടിരി, ചൂരക്കോട്ട്കാവ് എന്നിവിടങ്ങളിലും നാളെ പൂരത്തിന് കൊടിയേറും. പൂരം കൊടിയേറ്റത്തിന് ശേഷം പാറമേക്കാവ് ഭഗവതി കൊക്കർണി കുളത്തിൽ ആറാട്ട് നടത്തും. തിരുവമ്പാടി ഭഗവതി തെക്കേചിറയിലെത്തി ആറാട്ട് മുങ്ങും. തുടർന്ന് ദേവിദേവന്മാർ തട്ടകങ്ങളിൽ വിവിധ ചടങ്ങുകളിൽ പങ്കെടുക്കും.
കർശന സുരക്ഷയിൽ പൂരം
കൊവിഡ് വ്യാപനവും മറ്റ് ആരോഗ്യ പ്രശ്നങ്ങളുമുണ്ടാകാതെ പൂരം നടത്തുന്നതിന് വേണ്ടിയുള്ള നിർദ്ദേശങ്ങളാണ് നൽകിയിരിക്കുന്നത്. ശക്തമായ പൊലീസ് സുരക്ഷയിലാകും പൂരം നടത്തിപ്പ്. ആരോഗ്യവകുപ്പ് വിവിധയിടങ്ങളിൽ പൊലീസുമായി സഹകരിച്ച് എയ്ഡ് പോസ്റ്റുകൾ സ്ഥാപിക്കും. ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരുടെ സേവനം ഇവിടെ ഉറപ്പാക്കും. പൂരം കാണാൻ വരുന്നവർക്ക് സുരക്ഷ ഒരുക്കുന്നതിനും സാമൂഹിക അകലം ഉറപ്പാക്കുന്നതിനും ആറ് സെക്ടറുകളാക്കി തിരിച്ച് ഓരോ സെക്ടറിന്റെയും ചുമതല സെക്ടറൽ മജിസ്ട്രേറ്റുമാർക്ക് നൽകിയിട്ടുണ്ട്. ഡെപ്യൂട്ടി കളക്ടർമാരെയായിരിക്കും ഇത്തരത്തിൽ സെക്ടറൽ മജിസ്ട്രേറ്റുമാരായി നിയമിച്ചിട്ടുള്ളത്. എ.ഡി.എമ്മിനായിരിക്കും ഇവരുടെ ചുമതല.
മാനദണ്ഡങ്ങൾ പുറത്തിറക്കി പാറമേക്കാവ് ദേവസ്വം
തൃശൂർ: തൃശൂർ പൂരത്തിനെത്തുന്നവർക്ക് പാറമേക്കാവ് ദേവസ്വം മാനദണ്ഡങ്ങൾ പുറത്തിറക്കി. കൊവിഡ് ഭീഷണി ഒഴിവാക്കി പൂരം നടത്താൻ നിബന്ധനകൾ എല്ലാവരും പാലിക്കണമെന്ന് ദേവസ്വം സെക്രട്ടറി ജി. രാജേഷ് അഭ്യർത്ഥിച്ചു.
45നു വയസിനു മീതെയുള്ളവരെല്ലാം നിർബന്ധമായും കൊവിഡ് വാക്സിൻ എടുത്തിരിക്കണം. ദേവസ്വം അംഗങ്ങൾ, ജീവനക്കാർ പൂരത്തിൽ പങ്കെടുക്കുന്ന കലാകാരന്മാർ എന്നിങ്ങനെ ദേവസ്വവുമായും തൃശൂർ പൂരവുമായും ബന്ധപ്പെട്ടവരെല്ലാം തന്നെ ഏപ്രിൽ 17 ഓടെ കൊവിഡ് വാക്സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റും ആധാർ കാർഡും, പാസ്പോർട്ട് സൈസ് ഫോട്ടോയും ടെലിഫോൺ നമ്പരും ദേവസ്വത്തിൽ ഹാജരാക്കണം.
45 വയസ്സിനു താഴെയുള്ളവരെല്ലാം ഏപ്രിൽ 21നോ 22നോ ആർ.ടി.പി.സി.ആർ പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ്, ആധാർ സഹിതം ഫോൺ നമ്പരും ഫോട്ടോയും കൂടി ഹാജരാക്കണം. ആർ.ടി.പി.സി.ആർ ടെസ്റ്റ് സർക്കാർ തലത്തിൽ ചെയ്തു തരുന്നതാണെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും അതിനു കഴിഞ്ഞില്ലെങ്കിൽ സ്വന്തം നിലയ്ക്ക് പരിശോധന നടത്തണമെന്നും ദേവസ്വം അറിയിച്ചു.
തിരുവമ്പാടി വിഭാഗം പന്തലുകൾക്ക് കാൽനാട്ടി
തൃശൂർ: പൂരത്തിന്റെ ഭാഗമായി തിരുവമ്പാടി വിഭാഗം പന്തലുകൾക്ക് കാൽനാട്ടി. നായ്ക്കനാലിലും നടുവിലാലിനുമാണ് പന്തലുകൾ ഉയർത്തുന്നത്. ടി.എൻ. പ്രതാപൻ എം.പി, കൗൺസിലർ പൂർണിമ സുരേഷ്, ഡോ. സുന്ദർ മേനോൻ, പി. ബാലചന്ദ്രൻ, കെ. ഗിരീഷ് കുമാർ, എം.എസ്. സമ്പൂർണ, തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് പ്രൊഫ. ചന്ദ്രശേഖരൻ, സെക്രട്ടറി രവി മേനോൻ തുടങ്ങിയവർ പങ്കെടുത്തു. സെയ്തലവി ചെറുതുരുത്തിയാണ് പന്തൽ നിർമ്മിക്കുന്നത്.