പിടിമുറുക്കാൻ വീണ്ടും പൊലീസ് കളത്തിൽ
തൃശൂർ: ജില്ലയിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ആശങ്ക സൃഷ്ടിക്കുന്ന വിധം കൊവിഡ് വ്യാപനം രൂക്ഷം. പൊലീസും ആരോഗ്യ വകുപ്പും നിയന്ത്രണങ്ങൾ കർശനമാക്കുമ്പോഴും ഒരിടത്തും ആൾക്കൂട്ടങ്ങൾക്ക് കുറവില്ല. ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്ന നിയന്ത്രണങ്ങൾ ഒരിടത്തും പാലിക്കുന്നില്ല.
കഴിഞ്ഞ പതിനഞ്ച് ദിവസത്തിനുള്ളിൽ അയ്യായിരത്തിലേറെ പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസം ആകെ അയ്യായിരത്തിന് മുകളിൽ മാത്രം വന്നപ്പോഴാണ് ഏപ്രിലിലെ കണക്ക് കുതിച്ചുയരുന്നത്. കഴിഞ്ഞ ഒരാഴ്ചക്കുള്ളിലാണ് രോഗവ്യാപനം കൂടിയത്. മരണവും കൂടിവരികയാണ്. വിഷു ദിനത്തിൽ മാത്രം ജില്ലയിൽ അഞ്ച് പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഇത്രയും ദിവസത്തിനുള്ളിൽ 20 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
വീണ്ടും കളത്തിലിറങ്ങി പൊലീസ്
കൊവിഡ് വ്യാപനം കുറഞ്ഞതോടെ നിയന്ത്രണങ്ങളിൽ അൽപ്പം അയവു വരുത്തി പിറകോട്ട് പോയ പൊലീസ് വീണ്ടും പിടിമുറുക്കാൻ രംഗത്ത്. പരിശോധനകൾ കർശനമാക്കി തുടങ്ങി. കടകളിലും കൂടുതൽ ആളുകൾ കൂടുന്നിടത്തും നിയന്ത്രണങ്ങൾ കടുപ്പിക്കും. ഇന്നലെ മാളുകൾ, നൂറു പേരിൽ കൂടുതൽ പരിപാടികളുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ഇന്ന് മുതൽ പ്രത്യേക ടീമിനെ പരിശോധനകൾക്കായി നിയോഗിക്കും. കടകളിൽ സാറ്റിറ്റൈസർ, കൈകഴുകുന്നതിനുള്ള വെള്ളം, സാമൂഹിക അകലം എന്നിവ പാലിക്കണമെന്ന് വീണ്ടും നിർദ്ദേശം നൽകിത്തുടങ്ങി.
കുത്തി നിറച്ച് യാത്ര അനുവദിക്കില്ല
പൊതുഗതാഗതം കൂടുതൽ സജീവമായതോടെ സ്വകാര്യ ബസുകളിലും കെ.എസ്.ആർ.ടി.സി ബസുകളിലും ആളുകൾ കൂടിത്തുടങ്ങി. എന്നാൽ കഴിഞ്ഞ ദിവസം ബസുകളിൽ നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കരുതെന്ന നിർദ്ദേശം വന്നതോടെ പൊലീസും മോട്ടോർ വാഹന വകുപ്പും പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്. നിന്ന് യാത്ര ചെയ്യുന്ന ബസുകൾക്കെതിരെ ആദ്യപടിയായി പിഴയടപ്പിക്കുന്ന ശിക്ഷാനടപടികളാണ് കൈകൊള്ളുന്നത്. തുടർന്നാൽ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പടെയുള്ള നടപടികളിലേക്ക് നീങ്ങും.
പൂരം കൂടി കണക്കിലെടുത്ത് നിയന്ത്രണം കർശനമാക്കും. പുതിയ മാർഗ നിർദ്ദേശം ഇന്നലെ വന്നിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് മുതൽ മാളുകളിലും മറ്റും പരിശോധന നടത്തും. പൂരത്തിന് എത്തുന്നവർ ആരോഗ്യ വകുപ്പിന്റെയും പൊലീസിന്റെയും നിർദ്ദേശങ്ങൾ പാലിക്കണം.
- പി.വി. ഷാജി, എ.സി.പി തൃശൂർ
704 പേർക്ക് കൂടി കൊവിഡ്: 234 രോഗമുക്തർ
തൃശൂർ: ജില്ലയിൽ 704 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 234 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4199 ആണ്. തൃശൂർ സ്വദേശികളായ 77 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്.
സമ്പർക്കം വഴി 691 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ ഏഴ് പേർക്കും രണ്ട് ആരോഗ്യ പ്രവർത്തകർക്കും ഉറവിടം അറിയാത്ത നാല് പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരിൽ 60 വയസിനുമുകളിൽ 50 പുരുഷൻമാരും 43 സ്ത്രീകളും പത്ത് വയസിനു താഴെ 15 ആൺകുട്ടികളും 24 പെൺകുട്ടികളുമുണ്ട്.
556 പേർ പുതിയതായി ചികിത്സയി പ്രവേശിച്ചതിൽ 144 പേർ ആശുപത്രിയിലും 412 പേർ വീടുകളിലുമാണ്. 5011 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. 211 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. 04 പേർക്ക് സൈക്കോ സോഷ്യ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി.