വടക്കാഞ്ചേരി: കർഷക അവഗണനയിൽ വേറിട്ട പ്രതിഷേധമറിയിച്ച് വിഷുദിനത്തിൽ യുവകർഷകൻ രംഗത്ത്. നെൽക്കൃഷിയൊരുക്കാൻ സഹായമുറപ്പാക്കാത്ത അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ചാണ് നാസർ മങ്കര, പുല്ലാനിക്കാട് മേലെതിൽ ഏഴരയേക്കർ പാടശേഖരം ഉഴുതുമറിച്ച് ഉഴുന്നു കൃഷിയിറക്കിയത്.
മേടമാസത്തിൽ വിരുപ്പു കൃഷിയായിരുന്നു ചെയ്യേണ്ടിയിരുന്നത്. നാട്ടിൻപുറങ്ങളിൽ ഇതിന് പൊടിവിതയെന്നും പറയും. വിത്തിറക്കാൻ മുൻകാലങ്ങളിൽ കൃഷിഭവന്റെ സഹായം ലഭിച്ചിരുന്നു. സബ്‌സിഡി നിരക്കിലാണ് വിത്ത് ലഭിച്ചിരുന്നത്. എന്നാൽ ഇത്തവണ അധികൃതരെ സമീപിച്ചപ്പോൾ കുറഞ്ഞ നിരക്കിൽ നൽകാനാകില്ലെന്നും കിലോക്ക് 40 രൂപ നൽകണമെന്നുമായിരുന്നു മറുപടിയെന്ന് കർഷകൻ പറയുന്നു. ഈ വിലക്ക് വിത്ത് വാങ്ങി കൃഷിയിറക്കുന്നത് പ്രയോജനം ചെയ്യില്ലെന്നാണ് നാസർ പറയുന്നത്. അങ്ങിനെയാണ് പ്രതിഷേധിച്ച് ഉഴുന്ന് കൃഷിയിറക്കാൻ തീരുമാനിച്ചത്.
മണ്ണുത്തി കൃഷി വിഞ്ജാന കേന്ദ്രത്തിൽ നിന്ന് ശേഖരിച്ച വിത്താണ് ഉപയോഗിക്കുന്നത്. നിലമുഴുത് നടന്ന വിത്തിറക്കൽ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ മേഖലയിലെ മുതിർന്ന കർഷകരും പ്രദേശവാസികളും എത്തിയിരുന്നു. ഡി.സി.സി ജനറൽ സെക്രട്ടറിയും നഗരസഭാ പ്രതിപക്ഷ നേതാവുമായ കെ. അജിത് കുമാർ വിത്തെറിഞ്ഞ് ഉദ്ഘാടനം ചെയ്തു. വടക്കാഞ്ചേരിക്ക് അത്ര സുപരിചിതമല്ലാത്ത വേറിട്ട ഉഴുന്നു കൃഷി വലിയ ജനശ്രദ്ധ നേടുകയാണ്.
................................
രണ്ട് മാസം കൊണ്ട് വിളവെടുക്കാനാകുമെന്നത് സവിശേഷതയാണ്. കാർഷിക നന്മയെ ആർക്കും ചെറുത്തു തോൽപിക്കാനാകില്ല
- നാസർ (കർഷകൻ)