തൃശൂർ: തൃശൂർ പൂരത്തോടനുബന്ധിച്ചുള്ള വെടിക്കെട്ടിന് അനുമതി. സാമ്പിൾ വെടിക്കെട്ടും പൂരം വെടിക്കെട്ടും പതിവുപോലെ നടത്താനാണ് കേന്ദ്ര ഏജൻസിയായ പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ് സേഫ്ടി ഓർഗനൈസേഷൻ (പെസോ) അനുമതി നൽകിയത്. ഇതുപ്രകാരം 17 മുതൽ 24 വരെയുള്ള ദിവസങ്ങളിലെ വെടിക്കെട്ട് നിബന്ധനകളോടെ നടത്താം.
പൂരത്തിനുള്ള വെടിക്കെട്ട് സാമഗ്രികളുടെ നിർമ്മാണം നേരത്തെ തുടങ്ങിയിരുന്നു. കേന്ദ്ര എക്‌സ്‌പ്ലോസീവ് വകുപ്പിലെ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ ഈ വെടിക്കെട്ട് സാമഗ്രികൾ പരിശോധിച്ച് നിബന്ധനകൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തും. 23 നാണ് തൃശൂർ പൂരം.
കർശന കൊവിഡ് നിയന്ത്രണങ്ങളോടെ തൃശൂർ പൂരം നടത്താൻ നേരത്തേ തീരുമാനമായിരുന്നു. പരിശോധനയ്ക്ക് ശേഷമാകും ആളുകളെ പ്രവേശിപ്പിക്കുന്നത്. 45 വയസ് കഴിഞ്ഞവർക്ക് വാക്‌സിൻ സ്വീകരിച്ചാൽ മാത്രമേ പ്രവേശനം അനുവദിക്കൂ. 45 വയസിന് താഴെയുള്ളവർ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കാണിക്കണം. ആർ.ടി.പി.സി.ആർ പരിശോധനയിൽ നെഗറ്റീവ് ആയവർക്ക് മാത്രമാകും പ്രവേശനം.