ഗുരുവായൂർ: ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പ്രതീകാത്മകമായി ആനയെ നടയിരുത്തി. ക്ഷേത്രത്തിലെ പാരമ്പര്യ അവകാശിയായ മാതേപാട്ട് രഘുനാഥ് നമ്പ്യാരാണ് വഴിപാടായി ആനയെ പ്രതീകാത്മകമായി നടയിരുത്തിയത്. ഇതിനായി പത്ത് ലക്ഷം രൂപ ദേവസ്വത്തിൽ അടച്ചു. ക്ഷേത്രത്തിലേക്ക് ആനയെ വഴിപാടായി നൽകുന്നതിന് തടസങ്ങളുള്ളതിനാലാണ് പ്രതീകാത്മക നടയിരുത്തൽ നിർവഹിച്ചത്. വിഷു ദിനത്തിൽ രാവിലെ ശീവേലിക്ക് ശേഷമായിരുന്നു ചടങ്ങ്. ദേവസ്വത്തിലെ കൊമ്പൻ ഗോപീകൃഷ്ണനെയാണ് പ്രതീകാത്മകമായി നടയിരുത്തിയത്. മേൽശാന്തി തിയ്യന്നൂർ ശങ്കരനാരായണ പ്രമോദ് നമ്പൂതിരിയാണ് ചടങ്ങ് നിർവഹിച്ചത്. ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, പാരമ്പര്യ അവകാശികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.