ചാലക്കുടി: നഗരസഭയിലും പരിസര പഞ്ചായത്തുകളിലും കൊവിഡ് രോഗികളുടെ എണ്ണത്തിൽ ക്രമാതീതമായ വർദ്ധന. മേലൂരിൽ വ്യാഴാഴ്ച ഒരു കൊവിഡ് മരണവും സംഭവിച്ചു. 43 പേർക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. വാക്‌സിൻ സ്റ്റോക്ക് തീർന്നതിനാൽ താലൂക്ക് ആശുപത്രിയിൽ പ്രതിരോധ കുത്തിവയ്പ്പും നിലച്ചിരിക്കുകയാണ്.
മേലൂർ പഞ്ചായത്തിലെ കുറുപ്പത്ത് എൺപതുകാരനാണ് കൊവിഡ് മൂലം മരിച്ചത്. പഞ്ചായത്തിൽ 11 പുതിയ വൈറസ് ബാധിതരേയും കണ്ടെത്തി. കൊരട്ടി- 7, കാടുകുറ്റി-5, കോടശേരി-5, പരിയാരം-1, കൊടകര-4 എന്നിങ്ങനെയാണ് പഞ്ചായത്തുകളിലെ വൈറസ് ബാധിതരുടെ എണ്ണം. കൊവിഡ് ഷീൽഡ് തീർന്നതിനാൽ രണ്ടു ദിവസമായി പ്രതിരോധ കുത്തിവയ്പ്പ് മുടങ്ങിയിരിക്കുകയാണ്. അടുത്ത ദിവസം വാക്‌സിൻ എത്തുമെന്ന് സൂപ്രണ്ട് ഡോ.എൻ.എ. ഷീജ പറഞ്ഞു. ക്രമാതീതമായി രോഗികളുടെ എണ്ണം പെരുകുന്നതിനാൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് സൂപ്രണ്ട് നിർദ്ദേശിച്ചു.
.....................
ജില്ലയിലെ കൊവിഡ് രോഗികളുടെ എണ്ണത്തിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും ഏറെ ഉയർന്നു നിൽക്കുന്ന കൊരട്ടി പഞ്ചായത്തിൽ, കൊവിഡ് പ്രതിരോധത്തിന് ശക്തമായ നടപടികൾ എടുക്കാൻ പഞ്ചായത്ത് ഭരണസമിതി വിളിച്ചു ചേർത്ത പൊലീസ് ആരോഗ്യ വകുപ്പുകളുടെ സംയുക്ത യോഗത്തിൽ തീരുമാനം. മരണം, വിവാഹം എന്നിവ ഒഴിച്ചുള്ള പൊതു പരിപാടികൾക്ക് അനുമതി നൽകേണ്ടെന്നും യോഗത്തിൽ തീരുമാനമായി. ജാഗ്രതാ നിർദ്ദേശങ്ങളും ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കാൻ പഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. കൊവിഡ് പ്രോട്ടോക്കോൾ കർശനമാക്കുന്നതിന്റെ ഭാഗമായി കൂടുതൽ സംഘടനകളെ ഉൾപ്പെടുത്തി വെള്ളിയാഴ്ച വൈകീട്ട് വിശദീകരണ യോഗവും സംഘടിപ്പിക്കും. മെഡിക്കൽ ഓഫീസർ ഡോ.സിജി പോൾ, കൊരട്ടി സബ് ഇൻസ്‌പെക്ടർ സി.കെ. സുരേഷ്, വ്യാപാരി വ്യവസായി ഏകോപന സമതി പ്രസിഡന്റ് ബെന്നി പാഴായി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ഷാജി, സ്ഥിരം സമതി അദ്ധ്യക്ഷൻമാരായ അഡ്വ.കെ.ആർ. സുമേഷ്, നൈയ്‌നു റിച്ചു എന്നിവർ സംസാരിച്ചു.