ചാലക്കുടി: മേലൂർ കുന്നപ്പിള്ളിയിൽ ദേവരാജഗിരി ധർമ്മശാസ്താ ക്ഷേത്രത്തിന്റെ കുന്നപ്പിള്ളിയിലും മധുര മറ്റത്തുമുള്ള ഭണ്ഡാരങ്ങൾ തകർത്ത് കാണിക്കപ്പണം മോഷ്ടിച്ച സംഭവത്തിന് പിന്നിൽ കൗമാരക്കാരുടെ സംഘമെന്ന് പൊലീസ്.

കൊല്ലം ജില്ലയിലെ ആയൂർ, കൊട്ടാരക്കര സ്വദേശികളും,​ കിഴക്കെ കോടാലി സ്വദേശിയുമാണ് സംഘത്തിലുള്ളത്. ഇവർക്ക് സഹായിയായി പ്രവർത്തിച്ചുവെന്ന് സംശയിക്കുന്ന കുന്നപ്പിള്ളി സ്വദേശിയായ കൗമാരക്കാരനെ നിരീക്ഷിച്ചു വരികയാണ്.

വിഷു ദിനത്തിലാണ് ക്ഷേത്ര ഭണ്ഡാരങ്ങൾ കുത്തിതുറന്ന വിവരം ക്ഷേത്ര ഭാരവാഹികൾ അറിയുന്നത്. പ്രധാന ജംഗ്ഷനുകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ അസ്വാഭാവികമായി ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്ന കൗമാരക്കാരുടെ ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് പൊലീസ് സംഘം മഫ്തിയിൽ നിരീക്ഷണം നടത്തവെയാണ്‌ സംഘം പിടിയിലായത്. ഇവരെപ്പറ്റിയുള്ള റിപ്പോർട്ട് ജില്ലാ ജുവനൈൽ ജസ്റ്റിസ് ബോർഡിന് കൈമാറി.

കൊടകര സർക്കിൾ ഇൻസ്‌പെക്ടർ ബേസിൽ തോമസ്, കൊരട്ടി സബ് ഇൻസ്‌പെക്ടർ എസ്.കെ പ്രിയൻ, അഡീഷണൽ എസ്.ഐമാരായ സി.ഒ. ജോഷി, എ.പി. ഷിബു, എ.എസ്.ഐമാരായ മുഹമ്മദ് ബാഷി, മുരുകേഷ് കടവത്ത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.