ചാലക്കുടി: വെറ്റിലപ്പാറയിൽ ചത്തനിലയിൽ കണ്ടെത്തിയ പശുവിനെ പുലി കൊന്നതാണെന്ന് വ്യക്തമായി. വെറ്റിലപ്പാറ പതിനാലിൽ പുതിയേടത്ത് സുരേന്ദ്രന്റെ പശുവിന്റെ ജഡമാണ് തലയില്ലാത്ത നിലയിൽ കാണപ്പെട്ടത്. പുലിയുടെ ആക്രമണത്തിലാണ് പശു ചത്തതെന്ന് വനപാലകർ പറഞ്ഞു. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. സുരേന്ദ്രന്റെ വീട്ടു പറമ്പിൽ കെട്ടിയിട്ട പശുവിനെ നേരം പുലർന്നപ്പോൾ കാണാനില്ലായിരുന്നു. ഏറെ നേരം തിരച്ചിൽ നടത്തിയ ശേഷം ബുധനാഴ്ച വൈകീട്ടാണ് പ്രദേശത്തെ പറമ്പിൽ തല നഷ്ടപ്പെട്ട പശുവിനെ കണ്ടത്. തല തിന്നതിനാലാണ് പുലിയുടെ ആക്രമണമാണെന്ന് വനപാലകർ വ്യക്തമാക്കിയത്. വെറ്റിലപ്പാറയിലും പരിസരങ്ങളിലും പലപ്പോഴും പുലിശല്യമുണ്ടായിട്ടുണ്ടെങ്കിലും വീടിന് തൊട്ടടുത്ത് നിന്നും വളർത്തു മൃഗങ്ങളെ കൊണ്ടുപോയ സംഭവം ഇതാദ്യമാണ്.