തൃശൂർ: പൂരം വെടിക്കെട്ടിന് പെസോ അനുമതി നൽകിയിരിക്കുന്നത് കർശന ഉപാധികളോടെ. സാമ്പിൾ വെടിക്കെട്ട്, 23ലെ പ്രധാന വെടിക്കെട്ട് എന്നിവയ്ക്കുള്ള അനുമതിപത്രം ദേവസ്വങ്ങൾക്കു ലഭിച്ചു. ബേരിയം, ക്ലോറൈറ്റ്, മെർക്കുറി എന്നിവ ഉപയോഗിക്കരുതെന്ന് വ്യവസ്ഥയുണ്ട്. 2019 ൽ വിശദമായ ചർച്ചകൾക്കും പരിശോധനകൾക്കും ശേഷമാണ് നാഗ്പൂരിലെ പെസോ ആസ്ഥാനത്തു നിന്നു പൂരത്തിനു കരിമരുന്നു പൊട്ടിക്കാൻ അനുമതി നൽകിയത്. ഇക്കുറിയും അതേവ്യവസ്ഥകൾ തുടരും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വെടിക്കെട്ട് നടത്താമെന്ന് പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ (പെസോ) അറിയിച്ചു. 17 മുതൽ 24 വരെയുള്ള ദിവസങ്ങളിലെ വെടിക്കെട്ട് നിബന്ധനകളോടെ നടത്താനാണ് അനുമതി. പൂരം കൊടിയേറ്റത്തിനോടനുബന്ധിച്ചും വെടിക്കെട്ടുണ്ടാകും. കേന്ദ്ര എക്‌സ്‌പ്ലോസീവ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വെടിക്കെട്ട് സാമഗ്രികൾ പരിശോധിച്ച് നിബന്ധനകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തും. സുരക്ഷാനടപടികൾ പൂർണമായും പാലിക്കുമെന്ന് ദേവസ്വങ്ങൾ അറിയിച്ചു. പൂരത്തിനുള്ള വെടിക്കെട്ട് സാമഗ്രികളുടെ നിർമ്മാണം നേരത്തെ തുടങ്ങിയിരുന്നു.അനുമതി ലഭിച്ചതോടെ വെടിക്കെട്ട് പുരകൾ സജീവമായി. പെസോയുടെ അനുമതിയുള്ള ഏജൻസികളാണ് രണ്ടിടത്തും വെടിക്കോപ്പുകൾ നിർമിക്കുന്നത്. 2019 ൽ ലൈസൻസ് നൽകിയ തീരുമാനം ഈ വർഷത്തേക്കു നീട്ടി നൽകുകയായിരുന്നു. കർശന കൊവിഡ് നിയന്ത്രണങ്ങളോടെയാണ് ഇക്കുറി തൃശൂർ പൂരം ആഘോഷിക്കുന്നത്. 45 വയസിന് മുകളിലുള്ളവർ വാക്‌സിനേഷൻ എടുത്തശേഷം സർട്ടിഫിക്കറ്റ് നൽകിയാൽ പാസ് നൽകും. 45 വയസിനു താഴേയുള്ളവർ ആർ.ടി.പി.സി.ആർ. ടെസ്റ്റ് നടത്തി രേഖകൾ ഹാജരാക്കിയാൽ പൂരത്തിനു പ്രവേശിപ്പിക്കും. 10 വയസിനു താഴേയുള്ള കുട്ടികൾക്ക് പ്രവേശനമില്ല. നിബന്ധനകൾ ചീഫ് സെക്രട്ടറിയും ദേവസ്വം ഭാരവാഹികളുമായുള്ള ചർച്ചയിലാണ് തീരുമാനിച്ചത്. പൂരത്തിനു സാധാരണ അഞ്ചുലക്ഷത്തിലധികം പേർ എത്തുമെന്നാണ് കണക്ക്. നിബന്ധനകൾ ജനങ്ങളുടെ തള്ളിക്കയറ്റത്തിനു വിഘാതമാകുമെന്ന് ആശങ്കയുണ്ട്. എന്നാൽ പൂരം ചടങ്ങുകൾ ഭംഗിയായി നടക്കുന്നതിനുള്ള സാഹചര്യമൊരുക്കിയാണ് വ്യവസ്ഥകൾക്കു രൂപം നൽകിയതെന്ന് ദേവസ്വങ്ങൾ വ്യക്തമാക്കി.