pooram

തൃശൂർ: പൂരത്തിനെത്തുന്ന ജനക്കൂട്ടം നിയന്ത്രിക്കുന്നത് സംബന്ധിച്ച് കളക്ടർ റിപ്പോർട്ട്‌ സമർപ്പിച്ചു.തേക്കിൻകാട് മൈതാനത്തും സ്വരാജ് റൗണ്ടിലുമായി 16,000 പേർ വരെ സുരക്ഷിതമായി നിൽക്കാനാവുമെന്ന് കളക്ടർ റിപ്പോർട്ട് നൽകി. തേക്കിൻകാട് മൈതാനിയിലും പരിസര പ്രദേശങ്ങളിലും ലക്ഷക്കണക്കിന് പേരാണ് പൂരം കാണാൻ എത്താറുണ്ടായിരുന്നത്. നേരത്തേ വിവിധ വകുപ്പുകൾ ശേഖരിച്ച കണക്കുകളുടെ അടിസ്ഥാനത്തിലുള്ള റിപ്പോർട്ട് ആണ് കൈമാറിയത്. ഇത്രയും പേർ മൈതാനിയിൽ പ്രവേശിച്ചാലും കനത്ത തിരക്കായി അത് അനുഭവപ്പെടില്ലെന്നാണ് കണക്ക് കൂട്ടൽ. വടക്കുന്നാഥ ക്ഷേത്രവും തേക്കിൻകാട് മൈതാനവും സ്വരാജ് റൗണ്ടും ഉൾപ്പെടുന്ന സ്ഥലം 64 ഏക്കർ സ്ഥലമാണ്. ഇതിൽത്തന്നെ നെഹ്റു പാർക്കും പ്രദർശന നഗരിയും ഒഴികെയുള്ള ഭാഗത്തു വേണം കാഴ്ചക്കാർ നിൽക്കാൻ.

കുടമാറ്റത്തിന് പുരുഷാരം കുറയും

തൃശൂർ പൂരത്തിന്റെ ഏറ്റവും ആകർഷകമായ ചടങ്ങുകൾ ആണ് പാറമേക്കാവ് - തിരുവമ്പാടി ഭഗവതിമാർ തെക്കേ ഗോപുര നടയിൽ ആഭിമുഖമായി നിന്ന് നടത്തുന്ന കുടമാറ്റം. ഈ സമയം ലക്ഷങ്ങൾ ആണ് കുടമാറ്റം കാണാൻ എത്താറുള്ളത്. എന്നാൽ കൊവിഡ് നിയന്ത്രണവും മൈതാനത്തേക്ക് പ്രവേശിക്കാൻ കൊവിഡ് സർട്ടിഫിക്കറ്റ് വേണം എന്ന കർശന നിർദ്ദേശവും കൂടിയാകുമ്പോൾ ജനത്തിന്റെ ഒഴുക്ക് ഉണ്ടാകില്ല എന്നാണ് വിലയിരുത്തുന്നത്.അതു പോലെ തന്നെ മഠത്തിൽ വരവ്, ഇലഞ്ഞിത്തറ മേളം എന്നിവക്കും വൻ തിരക്കാണ് അനുഭവപ്പെടാറുണ്ടായിരുന്നത്.

ഘടക പൂരങ്ങൾക്ക് ഒപ്പം എത്ര പേർ?

പൂരം പൂർണമാക്കുന്ന ഘടക പൂരങ്ങൾക്ക് ഒപ്പം എത്ര പേർക്ക് വരാം എന്നത് സംബന്ധിച്ചു വ്യക്തത ഇല്ല. എട്ട് ഘടക ക്ഷേത്രങ്ങൾ ആണ് പൂരത്തിൽ പങ്കെടുക്കുന്നത്. കഴിഞ്ഞ തവണ ഘടക ക്ഷേത്രങ്ങളെ ഒഴിവാക്കിയാണ് കൊവിഡിന്റെ പശ്ചാത്തലത്തിൽ നടത്തിയത്. പൂരത്തലേന്ന് വിളംബരമറിയിച്ചു നെയ്തലക്കാവിലമ്മ തെക്കേ ഗോപുര നട തുറക്കാനെത്തുമ്പോഴും വലിയ ജനക്കൂട്ടമാണ് എത്താറുള്ളത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി തെച്ചിക്കോട്ട്ക്കാവ് രാമചന്ദ്രൻ ആണ് ഭഗവതിയുടെ തിടമ്പറ്റി ചടങ്ങിന് എത്താറുള്ളത്. ഇത്തവണ കൊച്ചിൻ ദേവസ്വം ബോർഡിന്റെ എറണാകുളം ശിവകുമാറാണ് എത്തുന്നത്.