തൃശൂർ: കൊവിഡിൻ്റെ രണ്ടാം തരംഗം ആരംഭിച്ച സാഹചര്യത്തിൽ പ്രതിരോധം ഊർജിതമാക്കുന്നതിൻ്റെ ഭാഗമായി, പ്രോട്ടോകോൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരെ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം നടപടി ശക്തമാക്കും. നിയന്ത്രണം കടുപ്പിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു.
എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും സെക്ടറൽ മജിസ്‌ട്രേറ്റ് കൊവിഡ് സെന്റിനൽസിനെയും നിയമിച്ച് കളക്ടർ എസ്. ഷാനവാസ് ഉത്തരവിറക്കി. പ്രതിരോധ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന് ജില്ലാ മെഡിക്കൽ ഓഫീസർക്കൊപ്പം പ്രവർത്തിക്കുന്നതിന് മൂന്ന് ഉദ്യോഗസ്ഥരെയാണ് സെക്ടറൽ മജിസ്‌ട്രേറ്റ് ആൻഡ് കൊവിഡ് സെന്റിനൽസായി നിയോഗിച്ചത്. ജില്ലാതലത്തിൽ പ്രതിരോധ പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് നോഡൽ ഓഫീസറായി സ്‌പെഷ്യൽ തഹസിൽദാറിനും ചുമതല നൽകി.
താലൂക്ക് തലത്തിൽ നോഡൽ ഓഫീസർമാരായി ബന്ധപ്പെട്ട താലൂക്ക് തഹസിൽദാർമാരെയും, അസിസ്റ്റന്റ് നോഡൽ ഓഫീസർമാരായി ബന്ധപ്പെട്ട താലൂക്ക് ഡിസാസ്റ്റർ മാനേജ്‌മെന്റ് ഡെപ്യൂട്ടി തഹസിൽദാർമാരെയും നിയമിച്ചിട്ടുണ്ട്. ഡിസ്ട്രിക്ട് ഹെൽത്ത് ഓഫീസർ പി.കെ രാജു, ടെക്‌നിക്കൽ അസിസ്റ്റന്റുമാരായ ടി.പി ചന്ദ്രൻ, കെ. വിജയകുമാർ, നോഡൽ ഓഫീസറായ സ്‌പെഷ്യൽ തഹസിൽദാർ സി.ആർ ജയന്തി, അസിസ്റ്റന്റ് ഓഫീസറായ കളക്ടറേറ്റ് ജൂനിയർ സൂപ്രണ്ട് എ.ഐ ജെയിംസ് എന്നിവർക്കാണ് ചുമതല.
മെഡി. കോളേജിലും കർശന നിയന്ത്രണം
കൊവിഡ് വ്യാപനം തടയാൻ മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജിൽ നിയന്ത്രണം കടുപ്പിച്ചു. രോഗീസന്ദർശനം പൂർണ്ണമായും നിരോധിച്ചതായി പ്രിൻസിപ്പൽ അറിയിച്ചു.
മറ്റ് നിയന്ത്രണങ്ങൾ
ഹൗസ് സർജന്മാരില്ല
ഗവ. മെഡിക്കൽ കോളേജിൽ ഹൗസ് സർജന്മാരുടെ കാലാവധി തീർന്നത് ആശുപത്രിയുടെ പ്രവർത്തനങ്ങളെ ബാധിച്ചു. 150 ഹൗസ് സർജന്മാരുടെ കാലാവധിയാണ് ബുധനാഴ്ച തീർന്നത്. വാർഡുകൾ, ഒ.പി, അത്യാഹിത വിഭാഗം, ഐ.സി.യുകൾ എന്നിവയുടെ പ്രവർത്തനം താളം തെറ്റി. ഇവിടങ്ങളിൽ മുഴുവൻ സമയം ഹൗസ് സർജന്മാരുടെ സേവനം ലഭ്യമായിരുന്നു. ഹൗസ് സർജന്മാരില്ലാത്തത് കൊവിഡ് ചികിത്സയെയും ബാധിച്ചേക്കും. കൊവിഡ് വാർഡുകളിൽ ഡ്യൂട്ടിയെടുക്കുന്നവരിൽ ഭൂരിഭാഗവും ഹൗസ് സർജന്മാരാണ്. അവസാന വർഷ എം.ബി.ബി.എസ് വിദ്യാർത്ഥികളുടെ പരീക്ഷ പൂർത്തീകരിക്കാത്തതിനാൽ ഈ ബാച്ചിന്റെ ഹൗസ് സർജൻസി തുടങ്ങാനുമായിട്ടില്ല. പരീക്ഷ പൂർത്തീകരിച്ച് ഹൗസ് സർജൻസി ആരംഭിക്കാൻ ചുരുങ്ങിയത് മൂന്ന് മാസമെങ്കിലും എടുക്കും.