1
പാർളിക്കാട് നടരാജഗിരിസുബ്രമണ്യക്ഷേത്രത്തിൽ നടന്ന കാവടിയാട്ടം

വടക്കാഞ്ചേരി: വാദ്യഘോഷമേളങ്ങളുടെ അകമ്പടിയോടെ നടരാജഗിരിയിൽ വർണക്കാവടികൾ നിറഞ്ഞാടി. കാറ്റിലാടിയ നിലക്കാവടികളും പൂക്കാവടികളും കാണികൾക്ക് ദൃശ്യവിരുന്നൊരുക്കി. ശ്രീനാരായണ ഗുരുദേവൻ സ്ഥാപിച്ച പാർളിക്കാട് നടരാജഗിരി ശ്രീബാലസുബ്രമണ്യ ക്ഷേത്രത്തിലെ മൂന്നാം പുനഃപ്രതിഷ്ഠാ മഹോത്സവത്തിന്റെ ഭാഗമായാണ് ഊഴം അനുസരിച്ചെത്തിയ കാവടി സംഘങ്ങൾ അഭിഷേകം നടത്തി മടങ്ങിയത്‌.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്. ഇന്നലെ രാവിലെ മുതൽ ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ, അഭിഷേകങ്ങൾ എന്നിവ നടന്നു. ക്ഷേത്രം തന്ത്രി ജയന്തൻ ശാന്തികൾ മുഖ്യകാർമികത്വം വഹിച്ചു. അതിന് ശേഷമാണ് വിവിധ പ്രാദേശിക കാവടി ആഘോഷ കമ്മിറ്റികളുടെ നേതൃത്വത്തിലുള്ള കാവടി അഭിഷേകം നടന്നത്.

ചെയിൻസ് പാർളിക്കാട്, റെഡ്സ്റ്റാർ മിണാലൂർ, മിണാലൂർ വടക്കേക്കര, മിണാലൂർ ബൈപാസ്, പാർളിക്കാട് പാലം തെക്കേക്കര എന്നീ സംഘങ്ങളാണ് ഊഴമനുസരിച്ച് ക്ഷേത്രത്തിലെത്തി അഭിഷേകം നടത്തി പിരിഞ്ഞു പോയത്. എസ്.എൻ.ഡി.പി തലപ്പിള്ളി യൂണിയൻ സെക്രട്ടറി ടി.ആർ. രാജേഷ്, പ്രസിഡന്റ് എം.എസ്. ധർമ്മരാജൻ എന്നിവർ നേതൃത്വം വഹിച്ചു. ഇന്ന് നടക്കുന്ന ആറാട്ട് മഹോത്സവത്തോടെ പുനപ്രതിഷ്ഠാ ചടങ്ങുകൾക്ക് സമാപനമാകും.