തൃശൂർ: പരാതികളെ തുടർന്ന് നിറുത്തിവച്ച ചെമ്പൂച്ചിറ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ കീഴിൽ മൂന്ന് കോടി രൂപയുടെ കിഫ്ബി ധനസഹായത്തോടെയാണ് നിർമ്മാണം. കിഫ്ബി പരിശോധന നടത്തുകയും കണ്ടെത്തിയിട്ടുള്ള അപാകതകൾ പരിഹരിക്കുന്നതുവരെ നിർമ്മാണം നിറുത്തിവയ്ക്കാൻ എസ്.പി.വിയായ കൈറ്റിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
തുടർന്ന് കൈറ്റിന്റെ നിർദ്ദേശപ്രകാരം തൃശൂർ ഗവ. എൻജിനിയറിംഗ് കോളേജ് സ്‌കൂൾ കെട്ടിടത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് വിദഗ്ദ്ധ പരിശോധന നടത്തി. ഈ റിപ്പോർട്ടിൽ കെട്ടിടത്തിന്റെ നിർമാണഘടനയിൽ അപാകതകൾ ഇല്ലെന്നും കെട്ടിടം സുരക്ഷിതമാണെന്നും എന്നാൽ പ്ലാസ്റ്ററിംഗിൽ കണ്ടെത്തിയ അപാകതകൾ പരിഹരിക്കണമെന്നും നിർദ്ദേശിച്ചിരുന്നു.
തൃശൂർ എൻജിനിയറിംഗ് കോളേജിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ച അപാകതകൾ പരിഹരിച്ചുകൊണ്ടുള്ള നിർമാണ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാൻ കിഫ്ബി അനുമതി നൽകുകയും അതിനുള്ള നിർദ്ദേശം എസ്.പി.വി പ്രവർത്തനങ്ങൾക്കുള്ള പി.എം.സിയായ വാപ്‌കോസിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. സ്‌കൂൾ അധികൃതർക്കും രേഖാമൂലം നിർദേശം നൽകിയിട്ടുണ്ട്. ചൂണ്ടിക്കാണിച്ചിട്ടുള്ള അപാകതകൾ പരിഹരിച്ച് മേയിൽ തന്നെ പ്രവൃത്തികൾ പൂർത്തിയാക്കാൻ കരാറുകാരനു കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.