തൃശൂർ: പൂരം വെടിക്കെട്ടിന് പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ (പെസോ) അനുമതി നൽകിയത് കർശന ഉപാധികളോടെ. സാമ്പിൾ വെടിക്കെട്ട്, 23ലെ പ്രധാന വെടിക്കെട്ട് എന്നിവയിൽ ബേരിയം, ക്ലോറേറ്റ്, മെർക്കുറി എന്നിവ ഉപയോഗിക്കരുതെന്ന് വ്യവസ്ഥയുണ്ട്. 2019 ൽ വിശദമായ ചർച്ചകൾക്കും പരിശോധനകൾക്കും ശേഷമാണ് നാഗ്പൂരിലെ പെസോ ആസ്ഥാനത്ത് നിന്നും പൂരത്തിന് കരിമരുന്ന് പൊട്ടിക്കാൻ അനുമതി നൽകിയത്. ഇക്കുറിയും അതേ വ്യവസ്ഥ തുടരും. കൊവിഡ് മാനദണ്ഡം പാലിച്ച് വെടിക്കെട്ട് നടത്താമെന്ന് പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ (പെസോ) അറിയിച്ചു. 17 മുതൽ 24 വരെയുള്ള ദിവസങ്ങളിലെ വെടിക്കെട്ട് നിബന്ധനകളോടെ നടത്താനാണ് അനുമതി. പൂരം കൊടിയേറ്റത്തോട് അനുബന്ധിച്ചും വെടിക്കെട്ടുണ്ടാകും. കേന്ദ്ര എക്സ്പ്ലോസീവ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വെടിക്കെട്ട് സാമഗ്രികൾ പരിശോധിച്ച് നിബന്ധനകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തും. പൂരത്തിനുള്ള വെടിക്കെട്ട് സാമഗ്രികളുടെ നിർമ്മാണം നേരത്തെ തുടങ്ങിയിരുന്നു. അനുമതി ലഭിച്ചതോടെ വെടിക്കെട്ട് പുരകൾ സജീവമായി. പെസോയുടെ അനുമതിയുള്ള ഏജൻസികളാണ് രണ്ടിടത്തും വെടിക്കോപ്പ് നിർമ്മിക്കുന്നത്. 2019 ൽ ലൈസൻസ് നൽകിയ തീരുമാനം ഈ വർഷത്തേക്ക് നീട്ടുകയായിരുന്നു.
കൊവിഡ് ചട്ടലംഘനത്തിനെതിരെ കർശന നടപടി
തൃശൂർ : കൊവിഡ് മാനദണ്ഡം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്താൻ തൃശൂരിൽ പൊലീസിന്റെ പരിശോധന കർശനമാക്കി. തൃശൂർ ശക്തൻ പച്ചക്കറി മാർക്കറ്റിൽ സിറ്റി പൊലീസ് കമ്മിഷണർ ആർ. ആദിത്യ, എ.സി.പി പി.വി ബേബി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. തൃശൂർ പൂരത്തിന് മുന്നോടിയായി നഗരത്തിൽ കൊവിഡ് ചട്ടലംഘന പരിശോധന കർശനമാക്കാൻ പൊലീസ് തീരുമാനിച്ചു. കൊവിഡിന്റെ രണ്ടാം വ്യാപനം രൂക്ഷമായത് കൂടി കണക്കിലെടുത്താണിത്.
തൃശൂർ ശക്തൻ പച്ചക്കറി മാർക്കറ്റിലായിരുന്നു പൊലീസിന്റെ പരിശോധനയുടെ തുടക്കം. ഓരോ കടകൾക്ക് മുമ്പിലും സാമൂഹിക അകലം ഉറപ്പുവരുത്താൻ പ്രത്യേകമായി റിബൺ കെട്ടി തിരിക്കാൻ നിർദ്ദേശം നൽകി. വഴിയോര കച്ചവടക്കാരുടെ അടുത്ത് കൂട്ടംകൂടി ആളുകൾ നിൽക്കുന്നതും തടഞ്ഞു. വലിയ കടകളിലും സമാനമായ പരിശോധന പൊലീസ് തുടരും. മാസ്കും സാനിറ്റൈസറും നിർബന്ധമായും ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തും. മാസ്ക്കില്ലാതെ പൊതുനിരത്തിൽ പ്രത്യക്ഷപ്പെടുന്നവരിൽ നിന്ന് പിഴ ഈടാക്കിതുടങ്ങി. മാസ്ക് മൂക്കിന് താഴെ ധരിച്ച് പോകുന്നവരിൽ നിന്ന് പിഴ ഈടാക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
737 പേർക്ക് കൂടി കൊവിഡ്
തൃശൂർ: 737 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 245 പേർ രോഗമുക്തരായി. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4,698 ആണ്. തൃശൂർ സ്വദേശികളായ 84 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,10,472 ആണ്. 1,05,119 പേരെയാണ് ആകെ രോഗമുക്തരായത്. സമ്പർക്കം വഴി 715 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ 14 പേർക്കും, നാല് ആരോഗ്യ പ്രവർത്തകർക്കും, ഉറവിടം അറിയാത്ത നാല് പേർക്കും രോഗബാധ ഉണ്ടായി. രോഗ ബാധിതരിൽ 60 വയസിന് മുകളിൽ 41 പുരുഷന്മാരും 47 സ്ത്രീകളും, പത്ത് വയസിന് താഴെ 12 വീതം ആൺകുട്ടികളും പെൺകുട്ടികളുമുണ്ട്.