spinning-mill

മാള: പ്രതിസന്ധികളെ വൈവിദ്ധ്യങ്ങളോട് ഇഴ ചേർത്ത് സാമ്പത്തിക ലാഭത്തിന്റെ തിളക്കത്തിൽ മിന്നുകയാണ് കെ. കരുണാകരൻ സ്മാരക സ്പിന്നിംഗ് മിൽ. ഇതോടെ ഇക്കാലയളവിൽ അറ്റാദായം നേടുന്ന സഹകരണമേഖലയിലെ ഏക സ്പിന്നിംഗ് മില്ലായി മാറി ഈ സഹകരണ സ്ഥാപനം. 546.31 ലക്ഷത്തിന്റെ വിറ്റുവരവ് നേടിയ മില്ല് 26.94 ലക്ഷം രൂപയുടെ അറ്റാദായം നേടി. വായ്പാ തിരിച്ചടവ് യഥാസമയം നടത്തിയ ശേഷമാണ് ലാഭത്തിലേക്കെത്തിയത്.

5,472 കതിരുകളുമായി പ്രവർത്തനം തുടങ്ങിയ മില്ലിന് അതിന്റെ 60.45 ശതമാനം കാര്യക്ഷമത കൈവരിക്കാനേ കഴിഞ്ഞിട്ടുള്ളൂ. ആധുനിക രീതിയിലുള്ള ഓട്ടോമാറ്റിക് യന്ത്രങ്ങളാണ് ഇന്ന് മില്ലിലുള്ളത്. ഓഫീസ് ജീവനക്കാർ അടക്കം 63 പേർ ജോലി ചെയ്യുന്നു. മൂന്ന് ഷിഫ്റ്റുകളിലായി ആഴ്ചയിൽ ഏഴ് ദിവസവും കമ്പനി പ്രവർത്തിക്കും. അസംസ്‌കൃത കോട്ടൺ ഉപയോഗിച്ച് നിർമ്മിക്കുന്ന നൂൽ മുംബയ്, മദ്ധ്യപ്രദേശ്, തിരുപ്പൂർ, സേലം, ഈറോഡ് എന്നിവിടങ്ങളിലെ മില്ലിലേക്കാണ് വിൽക്കുന്നത്.
24.54 കോടിയാണ് മില്ലിന്റെ പ്രവർത്തന മൂലധനം. 727.22 ലക്ഷം സർക്കാർ വായ്പയുള്ള കമ്പനിയുടെ മൊത്തം ഓഹരി പങ്കാളിത്തം 17.26 കോടിയാണ്. പൊതുജനങ്ങളുടെ ഓഹരി 62.50 ലക്ഷവും സർക്കാരിന്റെ ഓഹരി 1664.28 ലക്ഷവുമാണ്. പുത്തൻചിറയിലെ 9.76 ഏക്കർ സ്ഥലത്താണ് മില്ലും ഓഫീസും പ്രവർത്തിക്കുന്നത്. മുൻ എം.എൽ.എയും കെ.പി.സി.സി സെക്രട്ടറിയുമായ ടി.യു രാധാകൃഷ്ണനാണ് മില്ലിന്റെ ചെയർമാൻ.

മറ്റ് സഹകരണ സ്പിന്നിംഗ് മില്ലുകൾ: കൊല്ലം, ആലപ്പുഴ, പുതുപ്പള്ളി, തൃശൂർ, മലപ്പുറം, കുറ്റിപ്പുറം, കണ്ണൂർ.

സ്റ്റേറ്റ് ടെക്‌സ്റ്റൈൽ കോർപറേഷന് കീഴിലുള്ളവ എടരിക്കോട്, കോമളപുരം, ചെങ്ങന്നൂർ, കോട്ടയം, മലബാർ സ്പിന്നിംഗ് മിൽ, ഉദുമ ടെക്‌സ്റ്റൈൽസ്

ഇറക്കുമതി ചെയ്ത യന്ത്ര സംവിധാനം പൂർണമായി പ്രയോജനപ്പെടുത്തിയാൽ പ്രതിമാസം 20 ലക്ഷം രൂപ ലാഭമുണ്ടാക്കാനാകും. ഇനി ഡിസ്‌പോസിബിൾ സിറിഞ്ച് ഉത്പാദിപ്പിക്കാനുള്ള പദ്ധതിയും ആലോചിക്കുന്നുണ്ട്.

പി.എസ് രാജീവ്

മാനേജിംഗ് ഡയറക്ടർ

സ്പിന്നിംഗ് മിൽ പ്രവർത്തനം ഇങ്ങനെ

1994 ഒക്ടോബറിൽ

മാള സഹകരണ സ്പിന്നിംഗ് മിൽ എന്ന പേരിൽ ശിലാസ്ഥാപനം നിർവഹിച്ചത് കെ. കരുണാകരൻ

2016 ഫെബ്രുവരി 23ന്

പ്രവർത്തന ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി

പൊതുജനങ്ങളുടെ ഓഹരി 62.50 ലക്ഷം

സർക്കാരിന്റെ ഓഹരി 1664.28 ലക്ഷം