കാഞ്ഞാണി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അന്തിക്കാട് പൊലീസ് നടത്തിയ ബോധവത്കരണം ശ്രദ്ധേയമായി. ഇന്നലെ രാവിലെ സ്റ്റേഷൻ പരിധിയിലെ മാർക്കറ്റുകൾ കേന്ദ്രീകരിച്ചായിരുന്നു ബോധവത്കരണം നടത്തിയത്. കടകൾക്ക് മുമ്പിൽ സാധനങ്ങൾ വാങ്ങാനെത്തുന്നവർക്ക് നിൽക്കാൻ കൃത്യമായ സ്ഥലം ഒരുക്കണമെന്ന് പൊലീസ് നിർദ്ദേശിച്ചു.
യാത്രക്കാരെ നിറുത്തിക്കൊണ്ടുപോയ ബസ് ജീവനക്കാർക്ക് താക്കീത് നൽകി. പൊലീസ് ജീപ്പിൽ മൈക്ക് ഘടിപ്പിച്ചാണ് തിരക്ക് പിടിച്ച കേന്ദ്രങ്ങളിൽ ബോധവത്കരണം നടത്തിയത്. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും പൊലീസ് പറഞ്ഞു. അന്തിക്കാട് എസ്.എച്ച്.ഒ: പി. ജ്യോതീന്ദ്രകുമാർ, എസ്.ഐ: കെ.വി സുധീഷ് കുമാർ, സിവിൽ പൊലിസ് ഓഫീസർമാരായ സോണി, കമൽ എന്നിവർ നേതൃത്വം നൽകി.