വരന്തരപ്പിള്ളി: ചിമ്മിനി ഡാമിന്റെ ഡിസ്‌പേർഷൻ വാൽവിന്റെ് തകരാർ രണ്ട് ദിവസത്തിനകം പരിഹരിക്കുമെന്ന് അസി. എക്‌സി. എൻജിനിയർ കെ.എൽ. റപ്പായി അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് വാൽവ് തകരാറിലയത്. ഇതുമൂലം ചിമ്മിനി ഡാമിൽ നിന്നുമുള്ള ജല വൈദ്യുതി ഉത്പാദനം മുടങ്ങി. ഇപ്പോൾ ജില്ലയിലെ പടിഞ്ഞാറൻ കോൾ നിലങ്ങളിലേക്ക് ചിമ്മിനി ഡാമിൽ നിന്നും ദിനം പ്രതി 0.5 ദശലക്ഷം ക്യുബിക് മീറ്റർ ജലം കുറുമാലി പുഴയിലൂടെ തുറന്നു വിടുന്നുണ്ട്.


തകരാറിലായ ഡിസ്‌പെർഷൻ വാൽവിലൂടെയാണ് നിലവിൽ വെള്ളം കുറുമാലി വഴി വിട്ടുകൊടുക്കുന്നത്. ഈ വെള്ളം കെ.എസ്.ഇ.ബിയുടെ വാൽവിലൂടെ വിട്ടാൽ മാത്രമേ ഒരേ സമയം വൈദ്യുത ഉത്പാദനവും ജലവിതരണവും നടത്താൻ കഴിയൂ. കെ.എസ്.ഇ.ബിയുടെ വാൽവിലൂടെ തുറന്നുവിടുന്ന ജലം വൈദ്യുത ഉത്പാദനം കഴിഞ്ഞ് കുറുമാലി പുഴയിൽ തന്നെയാണ് എത്തുന്നത്.

ഇറിഗേഷൻ വകുപ്പിന്റെ പെരുമ്പാവൂരിൽ നിന്നുള്ള മെക്കാനിക്കൽ വിഭാഗം വെള്ളിയാഴ്ച എത്തി തകരാർ പരിഹരിക്കാനായി വാൽവ് അഴിച്ചു മാറ്റി. രണ്ട് ദിവസത്തിനുള്ളിൽ തകരാർ പരിഹരിച്ച് തിരികെ എത്തിക്കുമെന്നാണ് പ്രതീക്ഷ. ഇന്നലെ ഡാമിൽ സംഭരണ ശേഷിയുടെ 38 ശതമാനം വെള്ളമാണ് ഉള്ളത്. ഇത് കഴിഞ്ഞ വർഷത്തേക്കാൾ അൽപ്പം കൂടുതൽ ആണ്. 151.50 ദശലക്ഷം ക്യുബിക് മീറ്റർ ജലമാണ് ഡാമിൽ പരമാവധി സംഭരിക്കാൻ കഴിയുക.