തൃശൂർ : പൂരത്തിന്റെ പ്രധാന പങ്കാളി ക്ഷേത്രങ്ങളായ പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളിലും ഘടക ക്ഷേത്രങ്ങളിലും ഇന്ന് കൊടിയേറും. പാറമേക്കാവ് ക്ഷേത്രത്തിൽ രാവിലെ 11.35നും 12.10നും ഇടയിലാണ് കൊടിയേറ്റം. പാരമ്പര്യ അവകാശികളായ ചെമ്പിൽ കുടുംബം കൊടിമരമൊരുക്കും. ദേശക്കാർ ചേർന്ന് കൊടിമരമുയർത്തും.
തന്ത്രി പുലിയന്നൂർ കൃഷ്ണൻ നമ്പൂതിരിപ്പാട്, മേൽശാന്തി വടക്കേടത്ത് വാസുദേവൻ നമ്പൂതിരി എന്നിവർ താന്ത്രിക ചടങ്ങ് നടത്തും. ക്ഷേത്രമതിൽക്കകത്തെ പാലമരത്തിലും കൊടിക്കൂറ ഉയർത്തും. ക്ഷേത്രത്തിൽ നിന്ന് അഞ്ച് ആനകളുടെ അകമ്പടി എഴുന്നള്ളത്തിന് വടക്കുന്നാഥ ക്ഷേത്രത്തിലെ ചന്ദ്രപുഷ്‌കരണിയിൽ ആറാട്ട് നടത്തും. തിരുവമ്പാടി ക്ഷേത്രത്തിൽ രാവിലെ 11.15 നും 12നും ഇടയിലാണ് കൊടിയേറ്റം. പാരമ്പര്യ അവകാശികളിൽപെട്ട താഴത്തുപുരക്കൽ, സുന്ദരൻ സുഷിത്ത് എന്നിവർ ചേർന്ന് കൊടിമരം ഒരുക്കും. ഭൂമിപൂജയ്ക്ക് ശേഷം തട്ടകപ്രതിനിധികൾ കൊടിമരമുയർത്തും. തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിപ്പാട്, മേൽശാന്തി പൊഴിച്ചൂർ ദിനേശൻ എന്നിവർ താന്ത്രിക ചടങ്ങുകൾ നടത്തും. പാറമേക്കാവ്, തിരുമ്പാടി ക്ഷേത്രങ്ങൾ കൂടാതെ കാരമുക്ക്, അയ്യന്തോൾ, ലാലൂർക്കാവ്, ചൂരക്കോട്ടുകാവ്, നെയ്തലക്കാവ്, ചെമ്പൂക്കാവ്, പനമുക്കുംപിള്ളി, കണിമംഗലം എന്നിവിടങ്ങളിലും കൊടിയേറ്റം നടക്കും. കഴിഞ്ഞ വർഷം പാറമേക്കാവിലും തിരുവമ്പാടിയിലും കൊടിയേറ്റവും താന്ത്രിക ചടങ്ങുകളും നടന്നുവെങ്കിലും ഘടകക്ഷേത്രങ്ങളിൽ കൊടിയേറ്റവും നടന്നിരുന്നില്ല.
ഘടക ക്ഷേത്രങ്ങളിലെ 1,600 പേർക്ക്
സൗജന്യ ആർ.ടി.പി.സി.ആർ
തൃശൂർ പൂരത്തിന്റെ പങ്കാളികളായ എട്ട് ഘടകപൂരങ്ങളിൽ പങ്കെടുക്കുന്ന 200 പേർക്ക് വീതം സൗജന്യ വാക്‌സിൻ നൽകാൻ തീരുമാനം. വാക്‌സിൻ എടുത്ത എല്ലാവർക്കും ഘടകപൂരങ്ങളുടെ ഭാഗമാകാം. ഘടകക്ഷേത്രങ്ങളുടെ പ്രതിനിധികളുമായി കളക്ടർ നടത്തിയ യോഗത്തിലാണ് തീരുമാനം. കണിമംഗലം, ലാലൂർ, അയ്യന്തോൾ, കാരമുക്ക്, നെയ്തലക്കാവ്, ചെമ്പൂക്കാവ്, ചൂരക്കോട്ടുകാവ്, പനമുക്കംപിള്ളി എന്നീ എട്ട് ഘടകക്ഷേത്രങ്ങളാണുള്ളത്. 50 പേർക്ക് മാത്രമാണ് ഘടകക്ഷേത്രങ്ങളുടെ പൂരത്തിനൊപ്പം പങ്കെടുക്കാൻ അനുമതി നൽകിയിരുന്നത്. ഇത് അംഗീകരിക്കാനാകില്ലെന്ന് പ്രതിനിധികൾ വ്യക്തമാക്കി. ഇതോടെ ആളുകളുടെ എണ്ണത്തിലുള്ള നിബന്ധന ജില്ലാ ഭരണകൂടം നീക്കി. വാക്‌സിൻ സർട്ടിഫിക്കറ്റോ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ ഉള്ള ആർക്കും പങ്കെടുക്കാം. ഓരോ ഘടകക്ഷേത്രങ്ങളും നൂറ് പേരടങ്ങുന്ന മേളത്തിന് എൺപതിനായിരം രൂപ വരെയാണ് നൽകാറുള്ളത്. ഇതിനേക്കാൾ വലിയ തുക ആർ.ടി.പി.സി.ആർ ടെസ്റ്റിനായി നൽകി പൂരത്തിൽ പങ്കെടുക്കുക അസാദ്ധ്യമാണെന്ന് ഘടകക്ഷേത്രങ്ങൾ വ്യക്തമാക്കി. സർക്കാർ ചെലവിൽ ഓരോ ഘടകക്ഷേത്രങ്ങളിലെ ഇരുന്നൂറ് പേർക്കു വീതവും സൗജന്യമായി ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തും.
സാമ്പിൾ മുതൽ പൂരം വരെ സർട്ടിഫിക്കറ്റ്
പൂരം കാണാൻ വരുന്നവർ ഏപ്രിൽ ഇരുപതിന് ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തണം. 21ന് ലഭിക്കുന്ന സർട്ടിഫിക്കറ്റുമായി പൂരപറമ്പിലെത്താം. സാംപിൾ വെടിക്കെട്ട് മുതൽ ഉപചാരം ചൊല്ലി പിരിയൽ വരെയുള്ള ചടങ്ങുകളിൽ പങ്കെടുക്കാൻ ഈ സർട്ടിഫിക്കറ്റ് മതി. കൊവിഡ് പരിശോധന നടത്താനുള്ള ക്രമീകരണം ആരോഗ്യ വിഭാഗം ഒരുക്കും. നഗരത്തിലേക്കുള്ള എല്ലാ വഴികളിലും സർട്ടിഫിക്കറ്റ് പരിശോധനയ്ക്കായി പൊലീസ് നിലയുറപ്പിക്കും.