കൊടുങ്ങല്ലൂർ: കൊടുങ്ങല്ലർ ചേരമാൻ ജുമാ മസ്ജിദിൻ്റെ പുനരുദ്ധാരണ പ്രവർത്തനത്തിൻ്റെ ഭാഗമായുള്ള ഉത്തരം വെക്കൽ ചടങ്ങ് നടന്നു. മഹല്ല് ഇമാം സൈഫുദ്ദീൻ അൻഖാസിമി, മുസിരിസ് പൈതൃക പദ്ധതി മാനേജിംഗ് ഡയറക്ടർ പി.എം നൗഷാദ്, മഹല്ല് വൈസ് പ്രസിഡൻറ് ഡോ.കെ.എ അബ്ദുറഹിമാൻ, ജോയിൻ്റ് സെക്രട്ടറി പി.എസ് റഷീദ്, ട്രഷറർ കെ.എ അബ്ദുൾ കരിം, അഡ്മിനിസ്ട്രേറ്റർ ഇ.ബി ഫൈസൽ എന്നിവർ പങ്കെടുത്തു. മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായി നൂറ്റാണ്ടുകൾ പഴക്കമുള്ള പഴയ പള്ളി അറ്റകുറ്റപ്പണി നടത്തി സംരക്ഷിക്കുന്ന പ്രവൃത്തിയാണ് നടന്നു വരുന്നത്. രണ്ട് മാസത്തിനകം പുനരുദ്ധാരണ പ്രവൃത്തികൾ പൂർത്തിയാക്കി പഴയ പള്ളി പ്രാർത്ഥനക്കായി തുറന്നു കൊടുക്കാൻ കഴിയുമെന്നാണ് കരുതുന്നത്. പള്ളിയുടെ പഴമയും പ്രൗഢിയും നിലനിറുത്തി കൊണ്ടുള്ള നിർമ്മാണങ്ങളാണ് അവസാനഘട്ടത്തിൽ നടന്നുവരുന്നത്. മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായുള്ള പഴയ പള്ളിയുടെ പുനരുദ്ധാരണവും മഹല്ല് കമ്മിറ്റി നടത്തുന്ന ഭൂഗർഭ പള്ളിയുടെ നിർമ്മാണവുമാണ് പുരോഗമിക്കുന്നത്. 4000 പേർക്ക് ഒരേ സമയം നിസ്കരിക്കാവുന്നതാണ് വിശാലമായ ഭൂഗർഭ പള്ളി.