ചാലക്കുടി: ചാലക്കുടിയിൽ വെള്ളിയാഴ്ച 12 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നഗരസഭാ പരിധിയിൽ ഒമ്പത് പേരിലാണ് പുതുതായി വൈറസ് കണ്ടെത്തിയത്. കാടുകുറ്റി- 2, കൊരട്ടി - 1 എന്നിങ്ങനെയാണ് പഞ്ചായത്തുകളിലെ രോഗികളുടെ എണ്ണം.

ആർ.ടി.പി.സി.ആർ - 125, ആന്റിജൻ - 16 എന്നീ ക്രമത്തിലാണ് പരിശോധനകൾ നടന്നത്. ഇതിനിടെ താലൂക്ക് ആശുപത്രിയിൽ പ്രതിരോധ കുത്തിവയ്പിനുള്ള കൊവിഡ് വാക്‌സിൻ ഇനിയും എത്തിച്ചേർന്നിട്ടില്ല.

കൊരട്ടിയിൽ പൊതുപരിപാടികൾ നിറുത്തിവച്ചു

കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഏപ്രിൽ 30 വരെ കൊരട്ടിയിൽ പഞ്ചായത്ത് അതിർത്തിയിൽ എല്ലാവിധ രാഷ്ട്രീയ സാംസ്‌കാരിക പൊതുപരിപാടികൾ, ജാഥകൾ, പൊതുയോഗങ്ങൾ എന്നിവ നടത്തുന്നത് നിറുത്തിവയ്ക്കാൻ പഞ്ചായത്ത്തല സംയുക്ത രാഷ്ട്രീയ പാർട്ടികളുടെയും, മതനേതാക്കളുടെയും യോഗം തീരുമാനിച്ചു. കൊരട്ടി പഞ്ചായത്ത് അതിർത്തിയിൽ കൊവിഡ് പോസിറ്റീവ് നിരക്കും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കൂടുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.

മരണ, വിവാഹ ചടങ്ങുകളിൽ മാത്രം നിബന്ധനകൾ പാലിച്ച് ആളുകൾക്ക് പങ്കെടുക്കാം. സദ്യകൾക്ക് പാക്കറ്റ് ഭക്ഷണം നൽകൽ, മതപരമായ മറ്റുചടങ്ങുകൾ ആളുകളെ കുറച്ചു നടത്തുന്നതിന് മതമേധാവികളിൽ നിന്നും നിർദ്ദേശം സ്വീകരിക്കൽ എന്നീ തീരുമാനങ്ങളും കൈകൊണ്ടു.
പഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു അദ്ധ്യക്ഷനായി.

കൊരട്ടി സബ് ഇൻസ്‌പെക്ടർ സി.കെ. സുരേഷ്, മെഡിക്കൽ ഓഫീസർ ഡോ. സിജി പോൾ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ഷാജി, സ്ഥിരം സമിതി ചെയർമാൻമാരായ അഡ്വ. കെ.ആർ. സുമേഷ്, നൈനു റിച്ചു, കൊരട്ടി ഫൊറോന വികാരി ഫാ. ജോസ് ഇടശ്ശേരി, ചിറങ്ങര ഭഗവതി ക്ഷേത്രം പ്രസിഡന്റ് കെ. കൃഷ്ണൻ, കൊരട്ടി ഹൈവേ ജുമാ മസ്ജിദ് മഹൽ പ്രസിഡന്റ് എം.ഒ. അസീസ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം.ജെ. ബെന്നി, എം.എ. രാമകൃഷ്ണൻ, ടി.വി. രാമകൃഷ്ണൻ, കെ.എ. സുരേഷ്, പഞ്ചായത്ത് സെക്രട്ടറി എ.വി. സബിയ എന്നിവർ സംസാരിച്ചു.

മേലൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ അവലോകന യോഗം
പൂലാനിയിലെ തീവ്ര കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മേലൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രത്യേക അവലോകന യോഗം ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചു. വിദേശത്ത് നിന്നുമെത്തുന്നവരുടെ വിവരം ആരോഗ്യ വകുപ്പിന് കൈമാറാൻ യോഗം നിർദ്ദേശിച്ചു. അന്യ സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവർക്കും ഇതു ബാധകമാണ്. പഞ്ചായത്ത് അംഗം ആർ. രഘുനാഥ് അദ്ധ്യക്ഷനായി. ജെ.എച്ച്.ഐ: കെ.എം. മഞ്ചേഷ്, ഹെൽത്ത് നഴ്‌സ് പി. പ്രിയ, ആർ.ആർ.ടി പ്രതിനിധി എസ്. മഞ്ജു രാജ്, തുടങ്ങിയവർ സംസാരിച്ചു.