ചാലക്കുടി: അതിവേഗം പുരോഗമിക്കുന്ന ചാലക്കുടിപ്പുഴയിലെ കൂടപ്പുഴ തടയണയുടെ പുനരുദ്ധാരണ പ്രവൃത്തികൾക്ക് വേനൽമഴ വെല്ലുവിളിയാകുന്നു. തുടർച്ചയായി പെയ്യുന്ന കനത്തമഴയിൽ പുഴയിലെ ജലവിതാനം പെട്ടന്ന് ഉയർന്നതാണ് തുടർന്നുള്ള പ്രവൃത്തികൾക്ക് തടസമാകുന്നത്.

കിഴക്കു ഭാഗത്തെ അറ്റകുറ്റപ്പണികൾ ഇതിനകം പൂർത്തിയായി. പുഴയുടെ നടുവിലെ രണ്ടു ഷട്ടറുകളും നവീകരിച്ചു. ഇതിനിടെയാണ് അപ്രതീക്ഷിതമായി മഴയെത്തിയത്. ജലവിതാനം താഴാതെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ കഴിയില്ലെന്നാണ് കരാറുകാരൻ പറയുന്നത്.

വേനൽമഴ തുടരുകയും കാലവർഷം യഥാസമയം തുടങ്ങുകയും ചെയ്താൻ പ്രശ്നം രൂക്ഷമാകും. പിന്നെ ഒരുപക്ഷെ അടുത്ത വർഷമേ തുടർന്നുള്ള അറ്റകുറ്റപ്പണികൾ സാദ്ധ്യമാകൂ. മേലൂർ ഭാഗത്തെ ഇടിഞ്ഞ പുഴയോരം കെട്ടി സംരക്ഷിക്കുന്ന പ്രവർത്തനത്തെയും ഇതു ബാധിക്കും.

റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി ജലവിഭവ വകുപ്പ് ഒരു കോടി രൂപ ചെലവിലാണ് തടയണയുടെ അറ്റകുറ്റപ്പണികൾ നടത്തുന്നത്. 2018ലെ മഹാപ്രളയത്തിൽ തടയണയ്ക്ക് കാര്യമായ നാശം സംഭവിച്ചു. മുകളിലെ കോൺക്രീറ്റ് അടർന്ന് കമ്പികളെല്ലാം പുറത്തായി.

നാല് വെന്റ് വേയ്ക്കും തകരാർ സംഭവിച്ചിരുന്നു. ഇതിന് പുറമെ 2019ലെ വെള്ളപ്പൊക്കവും തടയണയ്ക്ക് കേടുപാടുണ്ടാക്കി. ഇതോടെ വേനലിൽ വെള്ളം തടഞ്ഞു നിറുത്താൻ കഴിയാതെ വന്നു. ബി.ഡി. ദേവസ്സി എം.എൽ.എയുടെ ഇടപെടലിനെ തുടർന്നാണ് റിബിൽഡ് കേരളയിൽ ഉൾപ്പെടുത്തി തടയണയുടെ അറ്റകുറ്റ പണികൾക്ക് ഫണ്ട് അനുവദിച്ചത്. ഇതിന് പുറമെ പ്രോജക്ട് മെയിന്റനൻസ് ഫണ്ട് ഉപയോഗിച്ച് 80ലക്ഷം രൂപ ചെലവിൽ പാർശ്വഭിത്തി കെട്ടുന്ന പ്രവൃത്തികളും നടക്കുന്നുണ്ട്.