vishnu-p-c

ഗുരുവായൂർ: ക്ഷേത്രത്തിനകത്ത് ചെണ്ടവാദ്യം നടത്തി ഗുരുവായൂരപ്പന് ഉപാസന നടത്താനാകുന്നില്ലെന്നും ജാതി വിവേചനമാണെന്നും കാട്ടി വാദ്യകലാകാരനും തിരുവെങ്കിടം സ്വദേശിയുമായ പി.സി വിഷ്ണു ഗുരുവായൂർ ദേവസ്വം ചെയർമാന് കത്ത് നൽകി. നായർ സമുദായത്തിൽപെട്ടവർക്ക് ചില വാദ്യങ്ങളിൽ പങ്കെടുക്കാൻ അവസരമുള്ളപ്പോൾ മറ്റു ചില വാദ്യങ്ങളിൽ അയിത്തം കൽപ്പിക്കുന്നതായും വിഷ്ണു പരാതിയിൽ പറയുന്നു. ദളിത് വിഭാഗക്കാർക്ക് ഒരു വാദ്യകലകളിൽ പോലും പങ്കെടുക്കാനോ, അവതരിപ്പിക്കാനോ അനുമതിയില്ല. വിശേഷാവസരങ്ങളിൽ മേളത്തിനും, പഞ്ചവാദ്യത്തിനും, തായമ്പകയ്ക്കും, തിരഞ്ഞെടുക്കുന്നത് മേൽജാതിയിൽപെട്ട വാദ്യകലാകാരന്മാരെയാണ്. നേരത്തെ ഇതേ ആവശ്യമുന്നയിച്ച് ദേവസ്വത്തിന് കത്ത് നൽകിയിട്ടും ഇതുവരെയും മറുപടി നൽകാത്തതിനെയും വിഷ്ണു വിമർശിക്കുന്നു. രണ്ട് വർഷം മുമ്പ് ഗുരുവായൂർ ദേവസ്വം വാദ്യവിദ്യാലയത്തിന്റെ 42ാം വാർഷിക ആഘോഷ ചടങ്ങിൽ ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി മോഹൻദാസ് ഗുരുവായൂർ ക്ഷേത്രത്തിലെ വാദ്യരംഗത്തെ ജാതിവിവേചനം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഗുരുകുല രീതിയിൽ 10 വയസ് മുതൽ ചെണ്ട അഭ്യസിക്കുകയും നിരവധി വേദികളിലും, സ്‌കൂൾ തലത്തിലും, കാലിക്കറ്റ് സർവ്വകലാശാല കലോത്സവത്തിലടക്കം വിജയിയുമാണ് വിഷ്ണു. ഗുരുവായൂരപ്പ ഭക്തനും ഗുരുവായൂർ സ്വദേശിയും ആയിരുന്നിട്ടും ക്ഷേത്രത്തിനകത്ത് ചെണ്ടമേളം, തായമ്പക എന്നിവ അവതരിപ്പിക്കാനോ അത്തരം ജോലികളിലേക്കൊ പരിഗണിക്കുന്നില്ലെന്നും പരാതിയിൽ പറയുന്നു. നേരത്തെ ഗുരുവായൂരിൽ വാദ്യകലാകാരന്മാരായ കല്ലൂർ ബാബുവിനും, പെരിങ്ങോട് ചന്ദ്രനും വിലക്ക് ഏർപ്പെടുത്തിയത് വിവാദമായിരുന്നു. ദേവസ്വം ഓഫീസിൽ നേരിട്ടെത്തിയാണ് വിഷ്ണു ചെയർമാനുള്ള കത്ത് അധികാരികളെ ഏൽപ്പിച്ചത്. ഗുരുവായൂരിലെ യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റാണ് വാദ്യകലാകാരനായ വിഷ്ണു.