trissur-pooram

തൃശൂർ : പൂരപ്രേമികളുടെ കണ്ണും മനസും നിറയ്ക്കുന്ന കൂടമാറ്റത്തിനുള്ള വർണ്ണക്കുടകളുടെ ഒരുക്കത്തിൽ തിരുവമ്പാടി- പാറമേക്കാവ് വിഭാഗങ്ങളുടെ ചമയപ്പുരകൾ സജീവം.

പൂരനാളിൽ അസ്തമയ സൂര്യന്റെ പൊൻകിരണങ്ങൾ പതിക്കുന്ന സായം സന്ധ്യയിൽ തെക്കേ ഗോപുരനടയിിൽ ഇരു ഭഗവതിമാരും അഭിമുഖമായി നിൽക്കുമ്പോൾ നടക്കുന്ന കുടമാറ്റത്തിനുള്ള വർണ്ണശോഭ വിടർത്തുന്ന കുടകൾക്ക് പുറമേ കരിവീരൻമാർക്ക് സ്വർണ്ണ ശോഭ പകരുന്ന നെറ്റിപ്പട്ടങ്ങളും ആനകൾക്കുള്ള ആടയാഭരണങ്ങളുടെ ഒരുക്കവും അവസാന ഘട്ടത്തിലാണ്. പൂരത്തിന്റെ ആകർഷണങ്ങളിലൊന്നാണ് വർണക്കുടകൾ.

പൂരത്തിന് മാസങ്ങൾക്ക് മുമ്പ് തന്നെ കുട നിർമ്മാണം ആരംഭിക്കും. വർണക്കുടകളും കുടമാറ്റത്തിന് മത്സരിക്കാനുള്ള സ്‌പെഷ്യൽ കുടകളും എല്ലാമായി അണിയറയിൽ തിരക്കോട് തിരക്കായിരിക്കും. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കുടമാറ്റത്തിന്റ പകിട്ട് കുറയ്ക്കുമെങ്കിലും പാറമേക്കാവിന്റെയും തിരുവമ്പാടിയുടെയും അണിയറകളിൽ ഒരുക്കങ്ങളിൽ കുറവില്ല. മുൻകാലങ്ങളുടെ അത്ര എണ്ണം ഇത്തവണ ഉണ്ടാകില്ലെന്ന് ദേവസ്വങ്ങൾ അറിയിച്ചിട്ടുണ്ട്.

trissur-pooram

നാലു പതിറ്റാണ്ട് പിന്നിട്ട് വസന്തൻ

പാറമേക്കാവ് വിഭാഗത്തിന് വർണ്ണങ്ങളുടെ വിസ്മയം ഒരുക്കുന്നത് ഇത്തവണയും കെ.കെ.വസന്തൻ തന്നെയാണ്. 41 വർഷമായി കുടകൾ തയ്യാറാക്കുന്ന വസന്തന്റ നേതൃത്വത്തിൽ പുതിയ കുടകളും നിർമ്മിക്കുന്നുണ്ട്. സൂറത്തിൽ നിന്ന് കൊണ്ടു വന്ന വെൽവെറ്റ്, സാറ്റിൻ, ക്രേപ്പ് തുടങ്ങിയ തുണിത്തരങ്ങളിലാണ് കുടകൾ നിർമ്മിക്കുന്നത്. 'കാണാൻ ഭംഗിയുള്ള, തിളക്കമുള്ള തുണിയാണ് കുടകൾക്ക് തിരഞ്ഞെടുക്കുക. അഗ്രശാലയിൽ കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങളിലുള്ള കുടകളാണ് തയ്യാറാക്കിയിരിക്കുന്നത്. അതേസമയം, പൂരദിവസം മാത്രം പുറംലോകം കാണുന്ന സ്പെഷ്യൽ കുടകൾ ഇരുവിഭാഗവും അണിയറയിൽ ഒരുക്കുന്നുണ്ട്. ഒരു കുട തയ്യാറാക്കാൻ ഒന്നര ദിവസമെങ്കിലും എടുക്കും. പാറമേക്കാവ് വിഭാഗം അവസാനവട്ട മിനുക്ക് പണിയിലാണ്.

trissur-pooram

തിരുവമ്പാടിക്ക് പുരുഷോത്തമൻ

പുരുഷോത്തമൻ അരണാട്ടുകരയുടെ നേതൃത്വത്തിലാണ് വർണക്കുടകൾ തയ്യാറാക്കുന്നത്. എതാനും മാസങ്ങളായി നിരവധി പേർ വിശ്രമമില്ലാതെ കുടനിർമ്മാണത്തിൽ സജീവമാണ്. 30 വർഷത്തോളം പാറമേക്കാവ് വിഭാഗത്തിന് വേണ്ടി കുടനിർമ്മിച്ചിട്ടുള്ള പുരുഷോത്തമൻ 12 വർഷമായി തിരുവമ്പാടിയുടെ കുടനിർമ്മാണത്തിന് മേൽനോട്ടം വഹിക്കുന്നു.

തിരുവമ്പാടി വിഭാഗത്തിന്റെ അഭിമാനമുയർത്തുന്ന സീക്രട്ട് കുടകളുടെ നിർമ്മാണവും അണിയറയിൽ പുരോഗമിക്കുകയാണ്. പാറമേക്കാവ് വിഭാഗം മുംബൈയിൽ നിന്നാണ് കുടയക്ക് ആവശ്യമായ തുണികളും മറ്റു വസ്തുക്കളും കൊണ്ടു വരുന്നത്.

വെട്ടിത്തിളങ്ങുന്ന നെറ്റിപ്പട്ടം

ഗജവീരൻമാരുടെ മുന്നിൽ നിൽക്കുന്ന തീവെട്ടികളുടെ വെളിച്ചത്തിൽ വെട്ടിത്തിളങ്ങുന്ന നെറ്റിപ്പട്ടങ്ങൾ കരിവീരൻമാർക്ക് അഴകാണ്. നൂറുകണക്കിന് ചെറുതും വലുതുമായ കുമിളകൾ ചേർത്താണ് നെറ്റിപ്പട്ടം നിർമ്മിക്കുന്നത്. ഒരോ വർഷവും വ്യത്യസ്ത രൂപകൽപ്പനയിൽ ആണ് നെറ്റിപ്പട്ടങ്ങൾ തയ്യാറാക്കുന്നത്. തിടമ്പേറ്റുന്ന ആനയ്ക്കുള്ളത് മറ്റ് പറ്റാനകളിൽ നിന്ന് വ്യത്യസ്തമായാണ് തയ്യാറാക്കുക. കുടാതെ മറ്റ് കൂട്ടാനകൾക്ക് വേറെയും. ഇത്തരത്തിൽ മൂന്ന് തരത്തിലുള്ള നെറ്റിപ്പട്ടങ്ങളാണ് ഒരുങ്ങുന്നത്. ഇരുവിഭാഗത്തിനും പതിനഞ്ച് ആനകൾ വീതമാണ് കുടമാറ്റത്തിന് അണിനിരക്കുക. ഇവയ്ക്ക് പുറമേ ആലവട്ടം,വെഞ്ചാമരം, കോലവും പാദസരവും കഴുത്തിലെ മണികളുമെല്ലാം തയ്യാറാക്കി കഴിഞ്ഞു.

trissur-pooram

ചമയ പ്രദർശനം

പാറമേക്കാവ് വിഭാഗത്തിന്റെ ചമയ പ്രദർശനം അഗ്രശാല ഹാളിൽ രണ്ട് ദിവസം ഉണ്ടായിരിക്കും. 21,22 തിയതികളിലായി പ്രദർശനം നടക്കും. തിരുവമ്പാടി വിഭാഗത്തിന്റെ പ്രദർശനം കൗസ്തുഭം ഹാളിൽ 22 ന് നടക്കും.