kodi

തൃശൂർ: മേടമാസത്തിലെ പൂരം നാളിൽ പൂത്തുലയുന്ന പൂരത്തിന് ശക്തന്റെ തട്ടകത്ത് കൊടിയേറി. പൂരത്തിന്റെ പ്രധാന പങ്കാളികളായ തിരുവമ്പാടി ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറ്റം നടന്നത്. തൊട്ടു പിന്നാലെ പാറമേക്കാവിലും കൊടിയുയർത്തി. തിരുവമ്പാടിയിൽ ഇന്നലെ വൈകിട്ട് തട്ടകക്കാരുടെ സ്വീകരണത്തോടെ കൊടിയേറ്റിന് ഭൂമി തൊടാതെ മുറിച്ചെടുത്ത കവുങ്ങുകൾ ക്ഷേത്രങ്ങളിലെത്തിച്ചു. മറ്റ് ഉത്‌സവങ്ങളിൽ നിന്ന് വ്യത്യസ്തമായി തട്ടകക്കാർ കൊടിയേറ്റ് നിർവഹിക്കുന്നതാണ് തൃശൂർ പൂരത്തിലെ പ്രത്യേകത. തിരുവമ്പാടിയിൽ രാവിലെ 11.15നും 12നും ഇടയിലും പാറമേക്കാവിൽ 11.35നും 12.15നും ഇടയിലാണ് കൊടിയേറ്റ ചടങ്ങുകൾ നടന്നത്. പാരമ്പര്യ അവകാശികളിൽപ്പെട്ട താഴത്തുപുരക്കൽ, സുന്ദരൻ, സുഷിത്ത് കൊടിമരം ഒരുക്കും. ഭൂമീപൂജക്ക് ശേഷമാണ് തട്ടകപ്രതിനിധികൾ കൊടിമരമുയർത്തിയത്. തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിപ്പാട്, മേൽശാന്തി പൊഴിച്ചൂർ ദിനേശൻ എന്നിവർ താന്ത്രിക ചടങ്ങുകൾ നടത്തി. പാറമേക്കാവിൽ പാരമ്പര്യ അവകാശികളായ ചെമ്പിൽ കുട്ടനാശാരിയാണ് കൊടിമരമൊരുക്കിയത്. ആൽ, മാവ്, ദർഭ എന്നിവ കെട്ടിയ ശേഷമാണ് ദേശക്കാർ ചേർന്ന് ആർപ്പുവിളികളോടെ കൊടിമരമുയർത്തിയത്.തന്ത്രി പുലിയന്നൂർ കൃഷ്ണൻ നമ്പൂതിരിപ്പാട്, മേൽശാന്തി വടക്കേടത്ത് വാസുദേവൻ നമ്പൂതിരി എന്നിവർ താന്ത്രിക ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഈ സമയം ക്ഷേത്രമതിൽക്കകത്തെ പാലമരത്തിലും കൊടിക്കൂറ ഉയർത്തി. ഉച്ചയ്ക്ക് വലിയ പാണി കൊട്ടി ക്ഷേത്രത്തിൽ നിന്നും അഞ്ച് ആനകളുടെ അകമ്പടി എഴുന്നെള്ളത്തോടെ പുറിത്തിറങ്ങി വടക്കുന്നാഥ ക്ഷേത്രത്തിലെ ചന്ദ്രപുഷ്‌കരണിയിൽ ആറാട്ടും നടത്തി തിരിച്ചെഴുന്നെള്ളും. കഴിഞ്ഞ വർഷം പാറമേക്കാവിലും തിരുവമ്പാടിയിലും കൊടിയേറ്റവും താന്ത്രിക ചടങ്ങുകളും നടന്നുവെങ്കിലും ഘടകക്ഷേത്രങ്ങളിൽ കൊടിയേറ്റം നടന്നിരുന്നില്ല. ഉച്ച കഴിഞ്ഞ് മൂന്നിന് തിരുവമ്പാടിയുടെ പൂരം പുറപ്പാട് തെക്കേമഠത്തിൽ ആറാട്ടിനിറങ്ങും. നായ്ക്കനാലിലും നടുവിലാലിലും പൂരപ്പതാകകൾ ഉയർത്തും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് ചടങ്ങുകളെന്ന് ദേവസ്വങ്ങൾ അറിയിച്ചു. കൊടിയേറ്റിനോടനുബന്ധിച്ച് ഉച്ച കഴിഞ്ഞ് തേക്കിൻകാട് മൈതാനിയിൽ ചെറിയ വെടിക്കെട്ടും ഉണ്ടാവും. പൂരം പ്രദർശന നഗരിയിലേക്ക് സന്ദർശകർക്കുള്ള പ്രവേശനത്തിനും ഇന്ന് തുടക്കമാകും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആർ.ടി.പി.സി.ആർ, വാക്‌സിനെടുത്തതിന്റെയോ സർട്ടിഫിക്കറ്റുമായി പൊലീസ് അനുവദിക്കുന്ന പാസുള്ളവർക്ക് മാത്രമേ പൂരം നടക്കുന്ന തൃശൂർ സ്വരാജ് റൗണ്ടിലും തേക്കിൻകാട് മൈതാനിയിലേക്കും പ്രവേശിക്കാനാവൂ.

ലാലൂരിൽ ആദ്യം കൊടിയേറി

ഘടകക്ഷേത്രങ്ങളിൽ ലാലൂർ കാർത്യായനി ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറ്റ് നടന്നത്. രാവിലെ 8.15നായിരുന്നു കൊടിയേറ്റം. അയ്യന്തോൾ കാർത്യായനി ക്ഷേത്രത്തിൽ രാവിലെ 11നും 11.15നും ഇടയിലും ചെമ്പൂക്കാവിലും പനമുക്കും പിള്ളിയിലും വൈകിട്ട് 6.15നും 6.30നും കണിമംഗലത്ത് 6നും 6.15നും ചൂരക്കോട്ടുകാവ് 6.45നും 7 നും നെയ്തലക്കാവ് 8നും 8.15നും ഇടയിലാണ് കൊടിയേറ്റ് നടക്കുക.