തൃശൂർ: പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 15,000 കടന്നതോടെ, രണ്ട് ദിവസം കൊണ്ട് രണ്ടര ലക്ഷം പേരെ പരിശോധിക്കാൻ തീരുമാനിച്ചത് രോഗബാധിതരെ ക്വാറന്റൈനിൽ പാർപ്പിച്ച് വ്യാപനം കുറയ്ക്കാനാകുമെന്ന പ്രതീക്ഷയിൽ. 21,400 പേരെയാണ് ഇത്തരത്തിൽ ജില്ലയിൽ പരിശോധിക്കുക.
പൊതുജനങ്ങളുമായി അടുത്ത് ഇടപഴകുന്നവരിലാണ് പരിശോധന കൂടുതലായി നടത്തുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജ് ആശുപത്രി വരെയുള്ള സർക്കാർ ആശുപത്രികളിലാണ് ആർ.ടി.പി.സി.ആർ, ആന്റിജൻ പരിശോധന നടക്കുന്നത്. അതേസമയം, അയൽ സംസ്ഥാനങ്ങളിൽ ലോക്ഡൗൺ അടക്കം കർശന നടപടി ഏർപ്പെടുത്തി. അതിനാൽ നിരവധി മലയാളികൾ തിരിച്ചെത്തും. ഇവരുടെ ക്വാറന്റൈനും കർശനമാക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ വ്യാപനം നിയന്ത്രിക്കാനാവില്ല. അയൽസംസ്ഥാനങ്ങളിൽ നിന്നുളള ചരക്കു വാഹനങ്ങളിലെ ഡ്രൈവർമാർ ഇവിടെ ഇടപഴകുന്നതും പ്രശ്‌നം സൃഷ്ടിക്കും. അതുകൊണ്ട് തന്നെ കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ ഒഴിവാക്കി കൂടുതൽ സർക്കാർ ആശുപത്രികളെ കൊവിഡ് ആശുപത്രികളാക്കി മാറ്റാനും ലക്ഷ്യമുണ്ട്. പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലെ സൗകര്യങ്ങൾ അപര്യാപ്തമാകുമെന്ന തിരിച്ചറിവിലാണിത്. ലക്ഷണങ്ങൾ ഇല്ലാത്തവരെ വീടുകളിൽ താമസിപ്പിച്ച് നീരീക്ഷിക്കാനും തീരുമാനിച്ചിട്ടുണ്ട്. വ്യാപനം നിയന്ത്രണ വിധേയമായില്ലെങ്കിൽ, ഐ.സി.യു, വെന്റിലേറ്റർ സൗകര്യങ്ങൾ കൂടുതൽ വേണ്ടി വരും.
വീണ്ടും സാമ്പത്തികപ്രതിസന്ധി
കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ പല തൊഴിൽ മേഖലകളും വീണ്ടും പ്രതിസന്ധിയിലായി. ബസുകളിൽ നിന്നുള്ള യാത്രയ്ക്ക് വിലക്ക് ഏർപ്പെടുത്തിയതോടെ സാമ്പത്തികപ്രയാസം രൂക്ഷമായതായി ബസുടമകളും ജീവനക്കാരും പറയുന്നു. നിർദ്ദേശം ലംഘിക്കുന്ന ബസുകൾക്കെതിരേ കർശനനടപടി സ്വീകരിക്കാനാണ് തീരുമാനം. രണ്ടാഴ്ചത്തേയ്ക്കാണ് നിയന്ത്രണം. നിയമം ലംഘിക്കുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കാൻ ഗതാഗത കമ്മിഷണർ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. യാത്രക്കാരുടെ എണ്ണം നിയന്ത്രിച്ചത് മൂലമുണ്ടായ നഷ്ടം നികത്താൻ ലോക്ഡൗണിന് ശേഷം ബസ് ചാർജ് കൂട്ടിയിരുന്നു. ജില്ലയിൽ 30 ബസുകളാണ് സർവീസ് നിറുത്തിവെച്ചത്. മറ്റ് ബസുകൾ ജിഫോമുകൾ നൽകി കയറ്റിയിടാനുള്ള നീക്കത്തിലാണ്. ഏപ്രിലിലെ നികുതി ഒഴിവാക്കിത്തരണമെന്നും ഉടമകൾ ആവശ്യപ്പെടുന്നുണ്ട്. ചെറുകിട ഹോട്ടലുകളും വലിയ പ്രതിസന്ധിയിലായി.
ഏപ്രിൽ ഒന്ന് മുതൽ തുടങ്ങുന്ന ടാക്‌സ് പൂർണ്ണമായും ഒഴിവാക്കിയും സ്റ്റേജ് കാര്യേജ് ബസുകൾക്ക് ഡീസൽ സബ്‌സിഡി അനുവദിച്ചും സ്വകാര്യബസ് സർവീസ് നിലനിറുത്തുന്നതിന് സാമ്പത്തികസഹായം അടക്കമുള്ള പാക്കേജ് നൽകിയും പ്രതിസന്ധി ഒഴിവാക്കണം.
എം.എസ് പ്രേംകുമാർ,
പ്രസിഡന്റ്,
ട്രിച്ചൂർ ഡിസ്ട്രിക്ട് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷൻ
കെ.കെ സേതുമാധവൻ
ജനറൽ സെക്രട്ടറി