pooram

തൃശൂർ: ആവേശത്തോടെയും ആർപ്പുവിളികളോടെയും തിരുവമ്പാടിയിലും പാറമേക്കാവിലും ഘടകക്ഷേത്രങ്ങളിലും പൂരത്തിന് കൊടിയേറിയെങ്കിലും ജാഗ്രതയോടെയും കരുതലോടെയും പൂരം ഒരുക്കം പൂർത്തിയാക്കുകയാണ് ദേവസ്വങ്ങൾ. അതേസമയം, നിയന്ത്രണങ്ങളും പരിശോധനകളും വാക്സിനേഷനും കൂട്ടാനുള്ള ഒരുക്കത്തിലാണ് ഭരണകൂടവും ആരോഗ്യവകുപ്പും പൊലീസും.

രോഗ വ്യാപനം തുടരുന്ന സാഹചര്യത്തിൽ ആർ.ടി.പി.സി.ആർ പരിശോധന കൂടുതലായി നടത്താൻ ആരോഗ്യ വിഭാഗം ജീവനക്കാർ, സ്വകാര്യ ലാബ് പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരുമായി ഓൺലൈനായി നടത്തിയ യോഗത്തിൽ തീരുമാനമായി. കൊടിയേറ്റം കഴിഞ്ഞതോടെ തിരുവമ്പാടിയിലും പാറമേക്കാവിലും വർണക്കുടകളുടേയും ചമയങ്ങളുടേയും നിർമാണത്തിന് വേഗം കൂട്ടി. തിരുവമ്പാടിയുടെ കുടനിർമാണ കേന്ദ്രത്തിൽ ഇക്കുറി ഒരുങ്ങുന്നത് 35 സെറ്റ് കുടകളാണ്. 525 ഓളം വർണക്കുടകളുണ്ടാകും. സൂററ്റിൽ നിന്ന് പ്രത്യേകം കൊണ്ടുവന്ന ശീലകളാണ് കുടകൾക്കായി ഉപയോഗിക്കുന്നത്. സൂററ്റിൽ നിന്നുള്ള ശീലകൾക്ക് ചന്തം കൂടുതലാണ്. പാറമേക്കാവിൽ 25 സെറ്റ് കുടകൾക്ക് പുറമെ പത്തു സെറ്റ് സ്‌പെഷൽ കുടകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. വെൽവെറ്റിലും സാറ്റിൻ തുണിയിലും നിർമ്മിക്കുന്ന കുടകളാണിത്.

വാക്സിനെടുത്ത് 700 ഓളം എക്സൈസുകാർ

പൂരത്തിന് മുമ്പേ, ജില്ലാ എക്‌സൈസ് ഡിവിഷന്റെയും, ജില്ലാ ആരോഗ്യ വകുപ്പിന്റെയും സഹകരണത്തോടെ എക്‌സൈസ് ഡിവിഷനിലെ മുഴുവൻ ഉദ്യോഗസ്ഥർക്കും കൊവിഡ് വാക്‌സിനേഷൻ്റെ ഒന്നും, രണ്ടും ഡോസ് കൊവിഡ് വാക്‌സിനേഷൻ പൂർത്തിയാക്കി. ഡിവിഷനിലെ 436 എക്‌സൈസ് ഉദ്യോഗസ്ഥർക്കും, പൂത്തോളിലുള്ള സംസ്ഥാന എക്‌സൈസ് അക്കാഡമിയിലെ 250 ഓളം ട്രെയിനികൾക്കുമാണ് വാക്‌സിനേഷൻ നൽകിയത്. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.ജെ. റീനയുടെ നിർദ്ദേശ പ്രകാരമായിരുന്നു പരിപാടി. ജോയിന്റ് എക്‌സൈസ് കമ്മിഷണർ പി. ബാലകൃഷ്ണൻ വാക്‌സിനേഷൻ വിതരണോദ്ഘാടനം നടത്തി. ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ കെ.എസ്. ഷാജി, അസി. എക്‌സൈസ് കമ്മിഷണർമാരായ വി.എ. സലീം, കെ. ജയപ്രകാശ്, മെഡിക്കൽ ഓഫീസർ കെ.എസ്. അനൂപ്, എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ.വി. സദയകുമാർ, വിമുക്തി കോ ഓഡിനേറ്റർ കെ.കെ. രാജു എന്നിവർ നേതൃത്വം നൽകി.

തൃശൂർ പൂരം, തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം എന്നിവ മുന്നിലുളള സാഹചര്യത്തിൽ ആർ.ടി.പി.സി.ആർ പരിശോധന കൂടുതലായി നടത്താൻ സ്വകാര്യ ലാബുകൾ കൂടി സഹകരിക്കണം. കൊവിഡ് കണക്കുകൾ കൃത്യമായി രേഖപ്പെടുത്തി മുന്നോട്ട് പോകണം. രോഗവ്യാപനം മുമ്പത്തേക്കാൾ ഇരട്ടി വേഗത്തിലായതിനാൽ ഭീകരമായ അവസ്ഥ കുറക്കുകയെന്നതാണ് ജില്ലാ ഭരണകൂടത്തിൻ്റെ ലക്ഷ്യം. പരിശോധനയും വാക്‌സിനേഷനുമാണ് പ്രതിരോധ മാർഗങ്ങൾ.

എസ്. ഷാനവാസ്

കളക്ടർ

തൃശൂർ ടൗൺഹാളിൽ നടന്നിരുന്ന കൊവിഡ് 19 മെഗാ വാക്‌സിനേഷൻ ക്യാമ്പ് ഇന്ന് മുതൽ പുനരാരംഭിക്കും. പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കും. സർക്കാർ നൽകിയ നിർദ്ദേശങ്ങളനുസരിച്ച് പരിശോധനകൾക്കുള്ള ക്രമീകരണം ഒരുക്കും. ' '

ഡാേ. കെ.ജെ റീന

ജില്ലാ മെഡിക്കൽ ഓഫീസർ