കൊടുങ്ങല്ലൂർ: ആഴക്കടലിൽ മീൻ ലഭ്യതയിൽ കുറവ് വന്നതോടെ തൊഴിലാളികൾ പണിയില്ലാതെ പട്ടിണിയിലായി. ഹാർബറുകളിൽ മത്സ്യത്തിന്റെ വരവ് കുറഞ്ഞതോടെ മാർക്കറ്റുകളിൽ വിലയും കൂടുതലാണ്. മൂന്ന് മാസത്തോളമായി അനുഭവപ്പെടുന്ന ക്ഷാമം ഇപ്പോൾ രൂക്ഷമാണ്. തീരക്കടലിൽ പ്രത്യക്ഷപ്പെടുന്ന മീനുകൾ പോലും കടലിൽ കാണാത്ത സ്ഥിതിയാണ്. മത്സ്യത്തിന്റെ ലഭ്യതയിൽ കാര്യമായ കുറവ് വന്നതോടെ ബോട്ടുകാരും വള്ളക്കാരും കടലിൽ പോകുന്നത് പരിമിതപ്പെടുത്തി.
അഴീക്കോട്, മുനമ്പം ഹാർബറുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ വിരലിലെണ്ണാവുന്ന ബോട്ടുകൾ മാത്രമാണ് കടലിലേക്ക് പോയത്. ഇവരാകട്ടെ കൂടുതൽ ദിവസം തങ്ങാതെ കിട്ടിയ മീനുമായി തിരികെ വരികയാണ്. തീരക്കടലിലെ മീനുകളാണ് വള്ളക്കാരുടെ പ്രധാന ആശ്രയം. വലവിരിച്ചിട്ടും മത്സ്യം ലഭിക്കാത്തതിനാൽ തൊഴിലാളികൾ കൂടുതൽ പ്രതിസന്ധിയിലാണ്.
അഴീക്കോട്, മുനമ്പം എന്നിവിടങ്ങളിൽ നിന്നായി ആയിരത്തോളം ബോട്ടുകളാണ് കടലിൽ പോകുന്നത്. ഇവിടങ്ങളിലായി പതിനായിരത്തോളം തൊഴിലാളികൾ പണിയെടുക്കുന്നുണ്ട്. എല്ലാ വർഷവും വേനൽ കനക്കുമ്പോൾ കടലിൽ മത്സ്യലഭ്യത കുറയുക പതിവാണ്. ഒന്നോ രണ്ടോ മാസം ഈ അവസ്ഥ നിലനിൽക്കുമെങ്കിലും ഇത്തവണ മത്സ്യക്ഷാമം അവസാനിക്കാത്തത് തൊഴിലാളികളെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നുണ്ട്.