thrissur-pooram

തൃശൂർ: തൃശൂർ പൂരത്തിന് ആനകളെ എഴുന്നള്ളിക്കുന്നതിന് കർശന നിബന്ധനകൾ പുറത്തിറക്കി വനംവകുപ്പ്. എല്ലാ ആനപ്പാപ്പാൻമാർക്കും ആർ.ടി.പി.സി.ആർ നെഗറ്റീവ് ഫലം നിർബന്ധമാണ്. പാപ്പാന്മാർ നെഗറ്റീവായാൽ മാത്രം അതത് ആനകളെ പൂരത്തിന് പങ്കെടുപ്പിക്കാം.

പാപ്പാന്മാർക്ക് കൊവിഡ് പോസിറ്റീവ് ആയാൽ ആനകൾക്ക് അനുമതി നിഷേധിക്കും. ഒരാനയ്ക്ക് ചുരുങ്ങിയത് മൂന്ന് പാപ്പാൻമാരെങ്കിലും ഉണ്ടാകും. മൂന്ന് പേരും കൊവിഡ് നെഗറ്റീവായിരിക്കണം. ആരെങ്കിലും ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചാൽ ആനയെ പങ്കെടുപ്പിക്കില്ല. കൂടാതെ ഒരാൾ പോസിറ്റീവായാൽ മറ്റ് പാപ്പാൻമാർ നിരീക്ഷണത്തിൽ പോകുകയും വേണം.

90 ഓളം ആനകളാണ് പൂരത്തിൽ പങ്കെടുക്കുന്നത്. ഈ ആനകൾക്കെല്ലാം കൂടി 300നടുത്ത് പാപ്പാൻമാരുണ്ടാകും. ഇവരെല്ലാം കൊവിഡ് നെഗറ്റീവായിരിക്കണമെന്ന നിർദേശമാണ് വനംവകുപ്പ് നൽകുന്നത്. പൂരത്തലേന്നായിരിക്കും ഇത് സംബന്ധിച്ച് പരിശോധന നടത്തുക. അതേസമയം പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകളുടെ എണ്ണത്തിൽ നിയന്ത്രണമൊന്നും വനംവകുപ്പ് ഏർപ്പെടുത്തിയിട്ടില്ല. ആനകളുടെ ഫിറ്റ്‌നസ് പരിശോധനയ്ക്ക് 40 പേരടങ്ങുന്ന സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

മദപ്പാടുള്ള ആനകൾക്കും നിരവധിപേരെ കൊലപ്പെടുത്തിയ ആനകൾക്കും പൂരത്തിൽ അനുമതിയില്ല. പൂരത്തലേന്ന് രാവിലെ എട്ട് മുതൽ വൈകിട്ട് ആറ് വരെ ആനകളുടെ എല്ലാ പരിശോധനകളും പൂർത്തിയാക്കണം. നാട്ടാന പരിപാലന ചട്ടം കർശനമായി പാലിക്കണമെന്നും വനംവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.