അന്തിക്കാട്: റീബിൽഡ് കേരളയുടെ ഭാഗമായി അന്തിക്കാട് പഞ്ചായത്തിലെ നാല്, അഞ്ച്, ആറ് വാർഡുകളിലെ ഉൾചാലുകൾ വീണ്ടെടുക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമായി. കോൾ മേഖലയുമായി ബന്ധപ്പെട്ട് കിടക്കുന്ന മൂന്ന് വാർഡുകളിലെ ഉൾച്ചാലുകൾ വീണ്ടെടുക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്.
രണ്ടര കിലോമീറ്റർ ദൂരത്തിൽ വീണ്ടെടുക്കുന്ന തോട് കയർ ഭൂവസ്ത്രം അണിയിച്ച് സംരക്ഷിക്കും. 92 ലക്ഷം രൂപയാണ് പദ്ധതി ചെലവ്. വർഷക്കാലത്തെ വെള്ളക്കെട്ട് ഒഴിവാക്കി മഴവെള്ളം സുഗമമായി കോൾ പാടശേഖരത്തിലേക്ക് എത്തിക്കുന്നതിന് പദ്ധതി സഹായകരമാകും. കൂടാതെ വേനൽക്കാലത്ത് ആരംഭിക്കാനിരിക്കുന്ന ഇറിഗേഷൻ പദ്ധതിയിൽ നിന്നുള്ള ശുദ്ധജലം ഈ തോടുകളിലൂടെ ഒഴുക്കി പാടശേഖരത്തിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
നാലര പതിറ്റാണ്ടുകൾക്ക് മുമ്പ് പണിത കൾവർട്ടിന് താഴെയുള്ള ചെറിയ ദ്വാരത്തിലൂടെയാണ് പരപ്പൻചാൽ വഴി അന്തിക്കാട് കോൾ പാടശേഖരത്തിലേക്ക് വെള്ളം കടന്നുപോകുന്നത്. കനത്ത മഴയിൽ പ്രളയ സമാന വെള്ളമൊഴുക്ക് പതിവായതിനാൽ കൾവർട്ട് പൊളിച്ച് വീതി കൂട്ടി പുതിയത് നിർമ്മിക്കണമെന്ന ആവശ്യവും പ്രദേശവാസികൾ ഉയർത്തുന്നുണ്ട്.
പദ്ധതി ലക്ഷ്യം കാണുന്നതോടെ മൂന്ന് വാർഡുകളിലെയും ജലസ്രോതസുകൾ സജീവമാക്കുന്നതിനും, അത് വഴി ഈ പ്രദേശത്തെ കുളങ്ങളും, കിണറുകളും വറ്റിപോകാതെ സംരക്ഷിക്കുന്നതിനും സാദ്ധ്യമാകും.
എ.വി ശ്രീവത്സൻ
(ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ
അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത്)