ചാലക്കുടി: ചാലക്കുടിയിൽ പുതുതായി 55 പേർക്ക് കൊവിഡ്. നഗരസഭാ പരിധിയിൽ 24 പേർക്കാണ് രോഗബാധ. കൊരട്ടിയിൽ 22 പേരിലും വൈറസ് കണ്ടെത്തി. കൊടകര, മേലൂർ പഞ്ചായത്തുകളിൽ നാലു വീതം രോഗ ബാധിതരുണ്ട്. കാടുകുറ്റിയിൽ ഒരാൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ കൊരട്ടിയിലെ ഫലമാണ് ഏറ്റവും പുതിയത്. ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്നുമുള്ള വിവരമായതിനാൽ മറ്റുള്ള ആർ.ടി.പി.സി.ആർ പരിശോധനയുടെ ഒരു ദിവസം മുമ്പുള്ള കണക്കാണിത്. കൊരട്ടി പഞ്ചായത്ത് കൊവിഡ് സെൽ ആരംഭിച്ചതിനാൽ ഏറ്റവും പുതിയ വിവരമാണ് ഇവിടെ നിന്നും ലഭിക്കുന്നത്.

മാർക്കറ്റും നഗരവും ശുചീകരിക്കും
കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സഹചര്യത്തിൽ ശുചീകരണം, പ്രതിരോധ പ്രവർത്തനം ഉൾപ്പെടെയുള്ള നടപടികളുമായി ചാലക്കുടി നഗരസഭ. ഞായറാഴ്ച മാർക്കറ്റ് ശുചീകരിക്കും. തിങ്കളാഴ്ച നഗരത്തിലെ പ്രധാന കേന്ദ്രങ്ങളും ശുചീക്കുന്നുണ്ട്. ഫയർ ഫോഴ്‌സിന്റെ സഹായത്തോടെയാണ് പ്രവർത്തനങ്ങൾ. തിങ്കളാഴ്ച വൈകീട്ട് പ്രതിരോധ പ്രവർത്തനങ്ങളിൽ സ്വീകരിക്കേണ്ട നടപടികൾ ചർച്ച ചെയ്യുന്നതിന് സർവകക്ഷി യോഗവും ചേരും.

ജൂബിലി ഹാളിൽ നടക്കുന്ന യോഗത്തിൽ ചെയർമാൻ വി.ഒ. പൈലപ്പൻ അദ്ധ്യക്ഷനാകും. ഇതിനിടെ സർക്കാർ നിർദ്ദേശിച്ച കൊവിഡ് പ്രതിരോധ നടപടികളെക്കുറിച്ച് നഗരത്തിൽ മൈക്കിലൂടെ ബോധവത്കരണവും നടക്കുന്നുണ്ട്. രാത്രി ഒമ്പതിന് ശേഷവും തുറന്നുപ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ അടുത്ത ദിവസം മുതൽ നടപടിയുണ്ടാകുമെന്നും നഗരസഭാ അധികൃതർ അറിയിച്ചു.

പഞ്ചായത്ത് പരിധിയിൽ 22 പേർക്ക് കൊവിഡ്
പഞ്ചായത്ത് പരിധിയിൽ ശനിയാഴ്ച 22 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത് കൊരട്ടിയെ കൂടുതൽ ആശങ്കയിലാക്കി. വിവിധ പരിശോധനയുടെ ഫലം പുറത്തവന്നപ്പോഴാണ് ഇതുവരെയും ഉണ്ടാകാത്ത രോഗികളുടെ എണ്ണം റിപ്പോർട്ട് ചെയ്തത്. ഇതോടെ പഞ്ചായത്തിൽ ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1164 ആയി. ഇതിൽ 1075 പേർ രോഗ മുക്തി നേടി. നിലവിൽ 77 പേർ ചികിത്സയിലുണ്ട്. ഇതിൽ 12 പേർ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. 67 പേരെ ആന്റിജൻ ടെസ്റ്റിനും 57 പേരെ ആർ.ടി.പി.സി.ആർ ടെസ്റ്റിനും വിധേയമാക്കി.

പൊതുപ്രവർത്തകരെ പരിശോധിച്ചു

മേലൂരിൽ ശനിയാഴ്ച 70 പേരെ ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് വിധേയരാക്കി. തിരഞ്ഞെടുപ്പിൽ ബൂത്തുകളിൽ പ്രവർത്തിച്ചവരാണ് ഇതിൽ കൂടുതൽ. അടുത്ത ദിവസങ്ങളിലും പരിശോധന തുടരുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.

ഉപരോധ സമരം മാറ്റി
കൊവിഡ് വ്യാപനത്തെ തുടർന്ന് ഞായറഴ്ച പരിയാരം ഫോറസ്റ്റ് ഓഫീസിന് മുന്നിൽ നടത്താൻ തീരുമാനിച്ചിരുന്ന ഉപരോധ സമരം മാറ്റിവച്ചതായി എൽ.ജെ.ഡി ഭാരവാഹികൾ അറിയിച്ചു. വന്യമൃഗങ്ങളുടെ ശല്യത്തിൽ നിന്നും കർഷകരെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം തീരുമാനിച്ചിരുന്നത്.