കൊടുങ്ങല്ലൂർ: നികുതി പിരിവും പദ്ധതി പ്രവർത്തനവും നൂറ് ശതമാനം പൂർത്തിയാക്കിയ എടവിലങ്ങ് പഞ്ചായത്തിന് പെർഫോമൻസ് ഓഡിറ്റ് വിഭാഗത്തിന്റെ പുരസ്‌കാരം ലഭിച്ചു. തുടർച്ചയായി ഒമ്പതാം തവണയാണ് എടവിലങ്ങ് പഞ്ചായത്ത് നികുതി പിരിവിൽ സമ്പൂർണ നേട്ടം കൈവരിക്കുന്നത്. പ്രളയകാലത്തും, കൊവിഡ് കാലത്തും പഞ്ചായത്ത് നേട്ടം നിലനിറുത്തി. മികച്ച പ്രവർത്തനങ്ങളിലൂടെ കേന്ദ്ര സർക്കാരിന്റെ ഗ്രാമ പഞ്ചായത്ത് ഡെവലപ്‌മെന്റ് പുരസ്‌കാരവും എടവിലങ്ങ് പഞ്ചായത്ത് നേടി. പൊതുജനങ്ങളുടെയും, ജനപ്രതിനിധികളുടെയും, ജീവനക്കാരുടെയും സഹകരണമാണ് പഞ്ചായത്തിനെ ഈ നേട്ടങ്ങൾക്ക് അർഹമാക്കിയതെന്ന് പ്രസിഡന്റ് ബിന്ദു രാധാകൃഷ്ണൻ പറഞ്ഞു.