ചാലക്കുടി: തവളക്കുഴിപ്പാറ ആദിവാസി കോളനിയിലെ എസ്.ടി പ്രമോട്ടറായ യുവതിക്ക് ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രസവാനന്തര ചികിത്സ നിഷേധിച്ചെന്ന വാർത്ത കെട്ടുകഥയാണെന്ന് വിവരം. യുവതി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ചാലക്കുടി ആശുപത്രിയിൽ മാസങ്ങളായി തനിക്ക് നല്ല ചികിത്സയും പരിചരണവും ലഭിച്ചിട്ടുണ്ടെന്ന് ഇവർ പറഞ്ഞു. ഇവിടെ നിന്നും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ആംബുലൻസിലാണ് പോയത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും തിരിച്ച് താലൂക്ക് ആശുപത്രിയിലേക്ക് പറഞ്ഞുവിട്ടപ്പോൾ അതിന്റെ രേഖ തന്നിരുന്നില്ല.
ചാലക്കുടി ആശുപത്രിയിൽ എത്തിയപ്പോൾ മെഡിക്കൽ കോളേജിലെ രേഖ ആവശ്യപ്പെട്ടിരുന്നു. ഇതേനേരം ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ മറ്റൊരു രോഗിയെ പരിശോധിക്കുകയായിരുന്നു. ഈ സമയത്തിനിടെ സ്ഥലത്തെത്തിയ ആരോ തെറ്റിധാരണ പരത്തുന്ന വീഡിയോ എടുത്ത് പ്രചരിപ്പിക്കുകയായിരുന്നുവെന്ന് യുവതി വ്യക്തമാക്കി.
ആശുപത്രിയെ കരിവാരിത്തേക്കാനുള്ള ശ്രമമാണ് ഇതിന്റെ പിന്നിലെന്ന് നഗരസഭാ ആരോഗ്യ കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.വി. പോൾ ചൂണ്ടിക്കാട്ടി.