ഗുരുവായൂർ: കാലങ്ങളായി ഗുരുവായൂർ ക്ഷേത്രത്തിലെ വാദ്യ രംഗത്തെ ജാതി വിവേചനത്തിനെതിരെയുള്ള പരാതികൾക്ക് ദേവസ്വത്തിന് മറുപടിയില്ല. തിരുവെങ്കിടം സ്വദേശിയായ വിഷ്ണു മാസങ്ങൾക്ക് മുമ്പ് ദേവസ്വം അഡ്മിനിസ്ട്രേറ്റർക്ക് ജാതി വിവേചനത്തിനെതിരെ പരാതി നൽകിയിട്ടും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. ഇതേത്തുടർന്നാണ് വിഷ്ണു വീണ്ടും പരാതി നൽകിയത്.
അതേസമയം ക്ഷേത്രത്തിൽ വാദ്യ രംഗത്ത് ജാതി വിവേചനമില്ലെന്ന വിശദീകരണമാണ് ദേവസ്വം ചെയർമാൻ നൽകുന്നത്. പക്ഷേ വിശേഷ അവസരങ്ങളിൽ മേളത്തിന് പുറത്ത് നിന്ന് കലാകാരന്മാരുടെ സേവനം തേടുമ്പോൾ ജാതിവിവേചനം നിലനിൽക്കുന്നുണ്ടെന്ന് തന്നെയാണ് കലാകാരന്മാരുടെ പരാതി. ആ സമയത്ത്ചെ ണ്ട, തിമില, ഇടയ്ക്ക പോലുള്ള വാദ്യങ്ങളിൽ നായർ വിഭാഗം മുതലുള്ള ഭൂരിപക്ഷം വിഭാഗങ്ങൾക്കും അപ്രഖ്യാപിത വിലക്കുണ്ട്. പിന്നാക്ക വിഭാഗങ്ങളിലുള്ളവർക്ക് ക്ഷേത്രത്തിനകത്ത് വാദ്യം അവതരിപ്പിക്കുക സാദ്ധ്യവുമല്ല. അതേസമയം വാദ്യകലാകാരന്മാരുടെ ഒഴിവ് (സ്ഥിരം ജോലി) നികത്തുന്നത് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വഴിയായതിനാൽ എല്ലാ വിഭാഗത്തിനും പരിഗണന ലഭിക്കുന്നുണ്ട്.
പരാതികളെല്ലാം വെറുതെ
2014ൽ ഇടത്തരികത്ത് കാവിൽ താലപ്പൊലിക്ക് കല്ലൂർ ബാബു എന്ന വാദ്യ കലാകാരനെ ജാതിയുടെ പേരിൽ തിരിച്ചയച്ചിരുന്നു. ഇതിന് പിന്നാലെ ആ വർഷത്തെ ഉത്സവത്തിലെ മേളത്തിലും തായമ്പകയിലും പങ്കെടുക്കാൻ കലാമണ്ഡലം രാജൻ, ചൊവ്വല്ലൂർ മോഹനൻ, ഇരിങ്ങപ്പുറം ബാബു തുടങ്ങിയവർ ചേർന്ന് ദേവസ്വത്തിന് കത്ത് നൽകിയിരുന്നു. അന്നും ദേവസ്വം ഭരണ സമിതി മറുപടി നൽകിയില്ല. ചിലരെ മാറ്റി നിറുത്തുന്നതിനെതിരെ വാദ്യകലാ സംരക്ഷണ സംഘം വിവരാവകാശം വഴി കാരണം ആരാഞ്ഞപ്പോൾ വാദ്യക്കാരെ നിശ്ചയിക്കുക ഉത്സവം സബ് കമ്മിറ്റി വഴിയാണെന്നായിരുന്നു വിശദീകരണം.
സബ് കമ്മിറ്റിയുടെ തീരുമാനത്തിന്റെ രേഖ ആവശ്യപ്പെട്ടപ്പോൾ നൽകിയതുമില്ല. 2015ലും ഉത്സവ വാദ്യത്തിൽ പങ്കെടുക്കാൻ കലാകാരന്മാർ അപേക്ഷ നൽകി. അന്നും ദേവസ്വം നിശബ്ദത പാലിച്ചു. സ്വാമി ഭൂമാനന്ദതീർത്ഥയുടെ നേതൃത്വത്തിൽ നടന്ന സമരത്തെ തുടർന്ന് പട്ടിക ജാതിക്കാർക്ക് ക്ഷേത്രത്തിനകത്ത് പഞ്ചവാദ്യത്തിന് അനുമതി ലഭിച്ചതിന്റെ രജത ജൂബിലിയുടെ ഭാഗമായി ക്ഷേത്രത്തിനകത്ത് പഞ്ചവാദ്യത്തിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് നൽകിയ അപേക്ഷയിലും ഇതുവരെ മറുപടി ഉണ്ടായിട്ടില്ല. രണ്ട് വർഷം മുമ്പ് ക്ഷേത്രവാദ്യ കലാലയത്തിന്റെ വാർഷികത്തിൽ ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ് പറഞ്ഞത് വാദ്യരംഗത്തെ ജാതി വിവേചനം മാറ്റുമെന്നാണ്. ഇന്നും അതേപടി തുടരുകയാണ്.
വാദ്യക്കാരുടെയും വാദ്യ വിദ്യാലയത്തിലെ അദ്ധ്യാപകരുടെയും ഒഴിവിലേക്ക് ഇപ്പോള്‍ നിയമനം നടത്തുന്നത് ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് വഴിയാണ്. ഇതിലേക്കുള്ള ഇന്റര്‍വ്യൂ ഇപ്പോള്‍ നടന്നു കഴിഞ്ഞു. ഈ നിയമനങ്ങളില്‍ ജാതി മാനദണ്ഡമല്ല. ഉത്സവം പോലുള്ള വിശേഷാവസരങ്ങളില്‍ വാദ്യകലാകാരന്മാരെ ക്ഷണിക്കുന്നത് ഇതിനായുള്ള സബ് കമ്മിറ്റിയാണ്.
അഡ്വ. കെ.ബി. മോഹൻദാസ്