തൃശൂർ: ആന പാപ്പാന്മാരുടെ ആർ.ടി.പി.സി.ആർ പരിശോധന ഒഴിവാക്കണമെന്നും ഒറ്റ ഡോസ് കൊവിഡ് വാക്സിൻ എടുത്തവർക്കും അനുമതി നൽകണമെന്നും ദേവസ്വങ്ങൾ ആവശ്യപ്പെട്ടതോടെ തൃശൂർ പൂരം അനിശ്ചിതാവസ്ഥയിൽ. പൂരം നടത്തിപ്പ് ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറി വി.പി. ജോയി ഇന്ന് രാവിലെ 10.30 ന് വീണ്ടും യോഗം വിളിച്ചു. കടുത്ത നിയന്ത്രണങ്ങളോടെ പൂരം നടത്താനാകില്ലെന്ന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ഇന്നലെ ചേർന്ന യോഗത്തിൽ വ്യക്തമാക്കി. പൂരം അട്ടിമറിക്കാനാണ് ശ്രമമെന്നും ചിലരുടെ തിരക്കഥ അനുസരിച്ചാണ് കാര്യങ്ങൾ നടക്കുന്നതെന്നും ദേവസ്വങ്ങൾ ആരോപിച്ചു. ഓരോദിവസവും പുതിയ നിയന്ത്രണം അംഗീകരിക്കാനാകില്ലെന്നാണ് അവരുടെ നിലപാട്. നേരത്തെ ഭക്ഷണത്തിനും മറ്റ് സൗകര്യങ്ങൾക്കുമായി പൊലീസുകാർക്ക് ദേവസ്വങ്ങൾ പണം നൽകിയിരുന്നു. ഇത് ഇത്തവണ നൽകാനാകില്ലെന്നും തേക്കിൻകാട് മൈതാനത്ത് ബാരിക്കേഡുകൾ കെട്ടുന്നതിനുളള ചെലവ് സർക്കാർ ഏറ്റെടുക്കണമെന്നും ദേവസ്വങ്ങൾ വ്യക്തമാക്കി. ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തുകയോ അല്ലെങ്കിൽ രണ്ട് ഡോസ് വാക്സിനേഷൻ എടുക്കുകയോ ചെയ്തവർക്ക് മാത്രമേ പൂരം കാണാൻ കഴിയൂയെന്നാണ് സർക്കാർ പറയുന്നത്. ഈ പരിശോധനാഫലം കൊവിഡ് ജാഗ്രതാ പോർട്ടലിൽ അപ് ലോഡ് ചെയ്താൽ മാത്രമേ പൂരത്തിനുള്ള പാസ് കിട്ടൂ. സംഘാടകർക്ക് അടക്കം ഈ നിയമം ബാധകമാണ്.
ഉന്നത മെഡിക്കൽ സംഘത്തെ നിയോഗിക്കണം
കേന്ദ്ര സർക്കാരിന്റെ നിബന്ധനകൾ മറികടന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഭീതി പരത്തുകയാണ്. ഉന്നതതല മെഡിക്കൽ സംഘത്തെ നിയോഗിച്ച് സ്ഥിതിഗതികൾ വിലയിരുത്തണം. കാണികൾ ഇല്ലെങ്കിലും പൂരം നടക്കണം. അട്ടിമറിക്കാൻ അനുവദിക്കരുത്. ചീഫ് സെക്രട്ടറിയുടെ നിബന്ധനകളെല്ലാം അംഗീകരിച്ചത് പൂരം നടന്നാൽ മതി എന്നതു കൊണ്ടാണ്. രണ്ടു വാക്സിനേഷൻ ആർക്കും എടുക്കാൻ കഴിഞ്ഞിട്ടില്ല. നാലായിരം പൊലീസുകാരെ കൊണ്ടുവരുമെന്നാണ് ഇപ്പോൾ പറയുന്നത്. പൂരത്തിന് അത്ര കാണികൾ പോലുമുണ്ടാവില്ല.
-ജി. രാജേഷ്
സെക്രട്ടറി, പാറമേക്കാവ് ദേവസ്വം
തൃശൂർ പൂരം : സർക്കാർ നിബന്ധന
പാലിച്ചു മുന്നോട്ടു പോകും : കളക്ടർ
തൃശൂർ : പൂരത്തിന്റെ ആഘോഷങ്ങൾക്ക് മാറ്റു കുറയ്ക്കില്ലെന്നും എന്നാൽ കൊവിഡ് മാനദണ്ഡങ്ങൾക്ക് പ്രഥമ പരിഗണന നൽകണമെന്ന സർക്കാർ നിബന്ധന പാലിച്ച് പൂരം നടത്താനാണ് നിലവിലെ തീരുമാനമെന്നും ജില്ലാ കളക്ടർ എസ്. ഷാനവാസ് പറഞ്ഞു. കൊവിഡ് രോഗവ്യാപനം കൂടിയാൽ നഗരപ്രദേശങ്ങളിൽ കണ്ടെയ്ൻമെന്റ് സോണുകൾ അടക്കമുള്ള നിയന്ത്രണം പരിഗണിക്കും. എന്നാൽ പൂരത്തിന്റെ നടത്തിപ്പിനെ ബാധിക്കാതിരിക്കാനുള്ള നടപടികളും കൈക്കൊള്ളുമെന്നും കളക്ടർ വ്യക്തമാക്കി.
പൂരം പ്രവേശന പാസ് ഇന്ന് മുതൽ
തൃശൂർ: പൂരത്തിനുള്ള പ്രവേശന പാസ് കൊവിഡ് ജാഗ്രതാ പോർട്ടലിൽ നിന്നും തിങ്കളാഴ്ച പത്ത് മുതൽ ഡൗൺലോഡ് ചെയ്യാം. തൃശൂർ ജില്ലയുടെ ഫെസ്റ്റിവൽ എൻട്രി രജിസ്ട്രേഷൻ ലിങ്കിൽ മൊബൈൽ നമ്പർ, പേര് തുടങ്ങിയ വിവരങ്ങൾ എന്റർ ചെയ്യുക. തുടർന്ന് രജിസ്റ്റർ ചെയ്ത ഫോൺ നമ്പറിലേക്ക് ഒ.ടി.പി ലഭിക്കും. പാസ് ലഭിക്കുന്നതിന് കൊവിഡ് നിർണയത്തിനുള്ള ആർ.ടി.പി.സി.ആർ പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റോ, രണ്ട് ഡോസ് വാക്സിനേഷൻ എടുത്തതിന്റെ സർട്ടിഫിക്കറ്റോ (ഏതെങ്കിലും ഒന്ന്) അപ്ലോഡ് ചെയ്യണം. തുടർന്ന് മൊബൈലിൽ ലഭിക്കുന്ന ലിങ്കിൽ നിന്ന് എൻട്രി പാസ് ഡൗൺലോഡ് ചെയ്യാം.
പൂരം മാറ്റിവയ്ക്കണമെന്ന്
സാംസ്കാരിക പ്രവർത്തകർ
തൃശൂർ: പ്രതിദിന കൊവിഡ് ബാധിതർ ആയിരം കടക്കുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിലേക്ക് എത്തിനിൽക്കുകയും ചെയ്യുന്ന സമയത്തുള്ള തൃശൂർ പൂരാഘോഷം അവിവേകമാണെന്നും പൂരം മാറ്റിവയ്ക്കുക എന്ന സാമൂഹിക ഉത്തരവാദിത്തത്തോടെയുളള തീരുമാനമെടുക്കണമെന്നും സാംസ്കാരികപ്രവർത്തകരുടെ അഭ്യർത്ഥന.
പലയിടത്ത് നിന്നും വന്ന് ഒത്തുകൂടുന്ന ജനങ്ങളാണ് പൂരത്തെ പൂർണമാക്കുന്നത്. എന്നാൽ ഇന്ന് അത്തരം ഒത്തുകൂടൽ ജനവിരുദ്ധമാകുന്ന മഹാമാരിയുടെ സമയത്താണ് നാം ജീവിക്കുന്നത്. രോഗബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ഓക്സിജനും മരുന്നുകൾക്ക് പോലും ക്ഷാമം നേരിടാം.
വലിയ പ്രതിസന്ധികൾ നേരിട്ട ക്ഷാമകാലത്തും യുദ്ധകാലത്തുമെല്ലാം പൂരം പരിമിതപ്പെടുത്തിയ ചരിത്രമുണ്ടെന്നും കെ.ജി. ശങ്കരപ്പിള്ള, വൈശാഖൻ, കല്പറ്റ നാരായണൻ, കെ. വേണു, കെ. അരവിന്ദാക്ഷൻ, അഷ്ടമൂർത്തി, ഐ.ഷണ്മുഖദാസ്, പി.എൻ. ഗോപീകൃഷ്ണൻ, ആസാദ്, ഡോ. കെ. ഗോപിനാഥൻ, കുസുമം ജോസഫ്, ഡോ. ടി.വി. സജീവ് തുടങ്ങിയവർ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.