തൃശൂർ: കൊവിഡ് രണ്ടാം തരംഗം അരങ്ങു തകർക്കുമ്പോൾ, നിയന്ത്രണങ്ങളുമായി ആരോഗ്യവകുപ്പും രംഗത്തെത്തിയതോടെ തൃശൂർ പൂരം വീണ്ടും അനിശ്ചിതത്വത്തിലായി. അതേസമയം, പൂരം നടത്തുന്നതിനെതിരെ സാമൂഹിക മാദ്ധ്യമങ്ങളിൽ വ്യാപക പ്രതിഷേധമുയരുമ്പോൾ തന്നെ, ഒരു വിഭാഗം സർക്കാർ നിയന്ത്രണങ്ങൾക്കെതിരെയും തിരിയുന്നുണ്ട്.
വോട്ടെടുപ്പിന് പിന്നാലെ കൊവിഡ് വ്യാപനം പെട്ടെന്ന് രൂക്ഷമായതാണ് എല്ലാം തകിടം മറിച്ചത്. എല്ലാ ഒരുക്കങ്ങളും നടത്തിയതിനാൽ ദേവസ്വങ്ങൾ പൂരം എന്തായാലും നടത്തണമെന്ന നിലപാടിൽ ഉറച്ചു നിന്നു. എന്നാൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ പ്രതിദിനരോഗികൾ ആയിരത്തിലേറെ വരികയും അപകടകരമായ സാഹചര്യം ഉടലെടുക്കുകയും പൂരം നടക്കുന്ന തൃശൂർ കോർപറേഷനിലെ 47ാം ഡിവിഷനിലും ചില പഞ്ചായത്തുകളിലും നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തതോടെ സ്ഥിതിഗതികൾ രൂക്ഷമായി.
കൊവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞില്ലെങ്കിൽ ചികിത്സാ സംവിധാനം അവതാളത്തിലാകുമെന്നാണ് ആരോഗ്യവകുപ്പിൻ്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ ഇതര രോഗങ്ങൾ ബാധിച്ചവരുടെ ചികിത്സ കൂടി മുടങ്ങിയാൽ മരണനിരക്കും ഉയർന്നേക്കാം. ആദ്യഘട്ടത്തിൽ വൈറസ് ബാധിതരുടെ എണ്ണത്തിൽ സംസ്ഥാനം രാജ്യത്ത് രണ്ടാമത് എത്തിയെങ്കിലും മരണനിരക്ക് ഉയരാതെ നിറുത്താനായത് ആശ്വാസമായിരുന്നു.
ഇനി രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിന് ആനുപാതികമായി ഗുരുതരാവസ്ഥയിലുളളവരുടെയും എണ്ണവും കൂടിയേക്കും. ഈ പശ്ചാത്തലത്തിൽ സ്വകാര്യ മേഖലയെക്കൂടി സഹകരിപ്പിച്ച് ആശുപത്രി സൗകര്യങ്ങൾ വർദ്ധിപ്പിക്കാനാണ് ആരോഗ്യ വകുപ്പിൻ്റെ ലക്ഷ്യം. രാജ്യത്ത് ജനിതക വ്യതിയാനം സ്ഥിരീകരിച്ചതോടെ കേരളത്തിലും അത് സംശയിക്കുന്നുണ്ട്. അതേസമയം, ആവശ്യത്തിന് വാക്‌സിൻ ലഭിക്കുന്നില്ല എന്ന വെല്ലുവിളിയും നിലനിൽക്കുന്നു.
രണ്ടാമത്തെ ഡോസ് കൊടുക്കാൻ പോലും പലയിടത്തും മരുന്ന് ലഭ്യമല്ല. പൂരത്തിൻ്റെ തലേദിവസം വരെ കൊവിഡ് പരിശോധന നടത്താനുളള സൗകര്യമുണ്ടാകുമെന്ന് ആരോഗ്യവകുപ്പ് പറയുന്നുണ്ടെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ കൊവിഡ് പരിശോധനാ കിറ്റുകൾക്കും ക്ഷാമമുണ്ടായ സാഹചര്യത്തിൽ ആശങ്ക പൂർണ്ണമായും ഒഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് പൂരം ഉപേക്ഷിക്കണമെന്ന വാദഗതികൾ സാമൂഹിക മാദ്ധ്യമങ്ങളിൽ ശക്തമായി ഉയർന്നതും പൂരം അനിശ്ചിതാവസ്ഥയിലായതും.
അപകടകണക്കുകൾ :
ജില്ലയിലെ വെന്റിലേറ്റർ: 198
കൊവിഡ് രണ്ടാം തരംഗത്തിൽ കൂടുതൽ പേർക്ക് പെട്ടെന്ന് ശ്വാസതടസം വരുന്നതായി കാണുന്നു. കഴിഞ്ഞ ദിവസങ്ങളിൽ രോഗികൾക്ക് വെൻ്റിലേറ്റർ, ഐ.സി.യു സഹായം നൽകേണ്ടതായും വന്നു.
ഡോ. കെ.ജെ. റീന
ജില്ലാ മെഡിക്കൽ ഓഫീസർ (വീഡിയോ പോസ്റ്റിൽ പറഞ്ഞത് )