തൃശൂർ: സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായി പൈപ്പ് ലൈൻ സ്ഥാപിക്കാൻ കുന്നംകുളം-തൃശൂർ റോഡിൽ നിർമ്മിച്ച ഇരുപതോളം കുഴികൾ അപകടക്കെണികളാകുന്നു. പൈപ്പിടാനായി നിർമിക്കുന്ന കുഴികൾക്ക് മുന്നിൽ രാത്രികാലങ്ങളിൽ കാണാവുന്ന തരത്തിൽ സിഗ്‌നൽ ബോർഡുകൾ പോലുമില്ല. പൈപ്പിട്ട ശേഷം കുഴികൾ മണ്ണിട്ട് മൂടി ശരിയായ രീതിയിൽ ടാറിംഗ് നടത്തുന്നതും വാഹന യാത്രക്കാർക്ക് ഭീഷണിയാകുന്നുണ്ട്. കുന്നംകുളം നഗരത്തിലെ പ്രധാന കുഴികൾ ടാർ ചെയ്‌തെങ്കിലും അപകടം ഒഴിഞ്ഞിട്ടില്ല. പലയിടത്തും വൻ കുഴികളായി. ടാർ ചെയ്ത് മൂടിയ സ്ഥലങ്ങളിലും റോഡ് വീണ്ടു കീറി അടർന്നു പോയിട്ടുണ്ട്. കെ.എസ്.ടി.പി നിർമിച്ച റോഡ് പൊളിച്ച് പൈപ്പ് ലൈൻ സ്ഥാപിച്ച ശേഷം പൂർവസ്ഥിതിയിലാക്കണമെന്നാണ് നിർദേശമെങ്കിലും കരാറുകാർ അതിന് തയ്യാറാകാത്തതാണ് വലിയ അപകടങ്ങൾ വരുത്തി വെക്കുന്നത്.
കഴിഞ്ഞ ദിവസം ചൂണ്ടൽ പാറന്നൂരിൽ റോഡരികിലെ കുഴിയിൽ വീണ് സ്‌കൂട്ടർ യാത്രികന് ഗുരുതരമായി പരിക്കേറ്റിരുന്നു. കാണിപ്പയ്യൂർ, പാറേമ്പാടം എന്നിവിടങ്ങളിലെ കുഴികളിൽ വീണ് നേരത്തെ രണ്ടു യുവാക്കൾക്കും ഗുരുതരമായി പരിക്കേറ്റു. മാസങ്ങളായി തൃശൂർ -കുറ്റിപ്പുറം സംസ്ഥാനപാതയിൽ റോഡ് വെട്ടിപൊളിച്ചാണ് പൈപ്പ് ലൈൻ സ്ഥാപിക്കുന്നത്.