കൊടുങ്ങല്ലൂർ: ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ മുസ്‌രിസ് പൈതൃക പദ്ധതിയുടെ ഭാഗമായി നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളിൽ തങ്ങൾക്കുള്ള ആശങ്ക ദുരീകരിക്കണമെന്ന് വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃയോഗം ആവശ്യപ്പെട്ടു. നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കൊച്ചിൻ ദേവസ്വം ബോർഡും മുസ്‌രിസ് പൈതൃക പദ്ധതിയുമായി ഏർപ്പെട്ടിട്ടുള്ള കരാറുകൾ സംബന്ധിച്ചാണ് ഹൈന്ദവ സംഘടനകൾ ആശങ്ക രേഖപ്പെടുത്തിയത്.

നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിൽ ദേവസ്വം ബോർഡിന്റെ മേൽനോട്ടമില്ലെന്ന് മാത്രമല്ല മാസ്റ്റർ പ്ലാനിന്റെ വിശദാംശങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നില്ലെന്നും യോഗം കുറ്റപ്പെടുത്തി. ആശങ്ക പരിഹരിക്കുന്നതിനും സുതാര്യമായ പ്രവർത്തനങ്ങൾ നടത്തുന്നതിനും ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ തയ്യാറാകാത്ത സാഹചര്യത്തിൽ ഭക്തജന പ്രക്ഷോഭം നടത്തുവാൻ യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഇന്ന് രാവിലെ 11ന് കൊടുങ്ങല്ലൂരിലെ ദേവസ്വം അസി. കമ്മിഷണർ ഓഫീസിനു മുമ്പിൽ വിശദീകരണ യോഗം നടത്തും.

കേരള ക്ഷേത്ര സംരക്ഷണ സമിതി താലൂക്ക് പ്രസിഡന്റ് എ.പി വേണുഗോപാൽ അദ്ധ്യക്ഷനായി. അയ്യപ്പസേവാ സമാജം ജില്ലാ സമിതിയംഗം സി.എം ശശീന്ദ്രൻ, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി.സുധാകരൻ, ആർ.എസ്.എസ് വിഭാഗ് സംഘചാലക് കെ.എസ്.പത്മനാഭൻ, അന്നദാന യജ്ഞസമിതി ജന. സെക്രട്ടറി എം.ബി ഷാജി, സേവാഭാരതി സെക്രട്ടറി ടി. സുന്ദരേശൻ, രാജേഷ് പെരിഞ്ഞനം എന്നിവർ സംസാരിച്ചു.