covid

തൃശൂർ : ഭയാശങ്കകളുണർത്തി ജില്ലയിൽ കൊവിഡ് നിരക്ക് കുതിച്ചുയരുന്നു. കഴിഞ്ഞ ഒക്ടോബർ പത്തിന് 1208 പേർക്ക് രോഗം സ്ഥിരീകരിച്ച ശേഷമുള്ള ഏറ്റവും ഉയർന്ന രോഗസ്ഥിരീകരണമാണ് ഇന്നലത്തേത്. 1780 ലേക്കാണ് ഇന്നലെ കൊവിഡ്കു ബാധ കുതിച്ചെത്തിയത്. കഴിഞ്ഞ എട്ട് ദിവസത്തിനുള്ളിൽ ഏഴായിരത്തോളം പുതിയ രോഗികളുണ്ടായി.

കൊവിഡ് വ്യാപനം അതിരൂക്ഷമായിരുന്ന ഒക്ടോബർ- നവംബർ മാസങ്ങളിൽ ഉണ്ടായതിനേക്കാൾ വളരെ ഉയർന്ന നിരക്കിലാണ് വ്യാപനം. മരണത്തിലും വർദ്ധനവുണ്ടാകുമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്.

ഇതുവരെ രോഗികളുടെ എണ്ണം ഏറ്റവും ഉയർന്നത് ഒക്ടോബറിലായിരുന്നു. 26,000 ൽ അധികം പേർക്കാണ് അന്ന് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് രോഗികളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞു. ആശങ്ക ഒഴിവാകുന്ന തരത്തിലേക്ക് കാര്യങ്ങളെത്തി. മാർച്ച് മാസത്തിൽ അയ്യായിരത്തിന് മുകളിലാണ് രോഗികളുടെ എണ്ണം ഉയർന്നത്. പ്രതിദിന രോഗികളുടെ എണ്ണം 70 വരെയെത്തി. അതേസമയം മരണ നിരക്ക് കൂടുതൽ നവംബറിലാണ്. അന്ന് ഔദ്യോഗിക കണക്ക് പ്രകാരം 106 ആയിരുന്നു.

എന്നാൽ വീണ്ടും ജനങ്ങളെ ഭയപ്പെടുത്തും വിധത്തിലാണ് കൊവിഡ് നിരക്ക് കുതിക്കുന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെയാണ് ഇത്രയും രോഗികൾ വർദ്ധിച്ചത്. മന്ത്രി വി.എസ് സുനിൽ കുമാർ രണ്ടാമതും കൊവിഡ് ബാധിച്ച് ആശുപത്രിയിലാണ്. ഇതോടെ നിയന്ത്രണങ്ങൾ കടുപ്പിച്ച് തുടങ്ങിയിട്ടുണ്ട്. കൂടുതൽ കണ്ടെയ്ൻമെന്റ് സോണുകൾ രൂപപ്പെട്ട് വരികയാണ്.


1000ന് മുകളിൽ രോഗം സ്ഥിരീകരിച്ചത്

2020 ഒക്ടോബർ

10 1208
13 1010
17 1109
23 1020
24 1086
25 1011
28 1018
30 1096
31 1112


നവംബർ മാസം


4 1114


ഏപ്രിൽ - 2021


17 1149
18 1780

പ്രതിദിന രോഗികളുടെ എണ്ണം ആറായിരം കടന്നേക്കും

പ്രതിദിന രോഗികളുടെ എണ്ണം ആറായിരം വരെയെത്താനുള്ള സാദ്ധ്യതയുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകൂട്ടൽ. എപ്രിൽ 30 ആകുമ്പോഴേക്കും പ്രതിദിന രോഗികളുടെ എണ്ണം 4800 കടക്കുമെന്നും മേയ് ആദ്യവാരത്തിലേക്ക് കടക്കുമ്പോൾ അത് ആറായിരം കടക്കാനുള്ള സാദ്ധ്യതയുണ്ടെന്നും ആരോഗ്യ വകുപ്പ് തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. ഇന്നലെ പ്രതീക്ഷിച്ചതിലും കൂടുതലായതോടെ ഇനിയും ഉയരാനുള്ള സാദ്ധ്യതയാണുള്ളത്.