അന്തിക്കാട്: സ്‌കൂൾ കുട്ടികൾക്കുള്ള കൊവിഡ് സമാശ്വാസ പദ്ധതിയുടെയും ഭക്ഷ്യ ഭദ്രതാ അലവൻസ് വിതരണത്തിന്റെയും ഭാഗമായി നൽകുന്ന സൗജന്യ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണത്തിനൊരുങ്ങുന്നു. 14 ഇനം സാധനങ്ങളാണ് കിറ്റുകളിലുള്ളത്. കിറ്റുകൾ ഈ മാസം തന്നെ വിതരണം ചെയ്യുന്നതിനായുള്ള പാക്കിംഗ് ജോലികളാണ് വിവിധ വിദ്യാലയങ്ങളിൽ പുരോഗമിക്കുന്നത്.
അന്തിക്കാട് കെ.ജി.എം.എൽ.പി സ്‌കൂളിലെ പാക്കിംഗ് കേന്ദ്രത്തിൽ നിരവധി സന്നദ്ധ പ്രവർത്തകരാണ് പാക്കിംഗ് പ്രവൃത്തി ചെയ്യുന്നത്. സ്ഥല പരിമിതി മൂലം പലയിടങ്ങളിലും പായ്ക്ക് ചെയ്യാൻ അസൗകര്യം നേരിടുന്നതായി ആക്ഷേപമുണ്ട്. 10, 12 ക്ലാസുകളിലെ പൊതു പരീക്ഷകൾ നടക്കുന്നതിനാൽ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി സ്‌കൂളുകൾ എന്നിവ പായ്ക്കിംഗിനായി വിട്ടുകിട്ടാൻ കഴിയാത്ത സ്ഥിതി വന്നതും കാലതാമസത്തിനിടയാക്കി.
തിരഞ്ഞെടുപ്പ് കൗണ്ടിംഗ് ജോലികൾക്കായി ഏറ്റെടുത്തിരിക്കുന്ന സ്‌കൂളുകൾ ഒഴിച്ച് സൗകര്യപ്രദമായ എൽ.പി / യു.പി സ്‌കൂളുകൾ കിറ്റ് പായ്ക്കിംഗിനായി വിട്ടു നൽകണമെന്ന് സപ്ലൈക്കോ ചെയർമാൻ പൊതു വിദ്യാഭ്യാസ ഡയറക്ടറോട് ആവശ്യപെട്ടതായും വിവരമുണ്ട്.