കൊടുങ്ങല്ലൂർ: കൊവിഡ് വ്യാപനം രൂക്ഷമായതോടെ കൊടുങ്ങല്ലൂരിലെ വിനോദ സഞ്ചാര മേഖല പ്രതിസന്ധിയിലേക്ക്. മുസിരിസ് പൈതൃക പദ്ധതിയുടെ കീഴിലുള്ള പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ആംഫി തിയ്യേറ്ററിലും അതിനോട് ചേർന്ന് പ്രവർത്തിക്കുന്ന ബോട്ട് സർവീസിലും കൊവിഡിൻ്റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണം വന്നേക്കും. നിലവിൽ ആംഫി തിയേറ്ററിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി. സാമൂഹിക അകലം പാലിക്കുന്നതുൾപ്പെടെയുള്ള കൊവിഡ് മാനദണ്ഡം പാലിക്കുന്നുവെന്ന് ഉറപ്പാക്കിയാണ് ഇവിടെ പ്രവേശനം അനുവദിക്കുന്നത്. കോട്ടപ്പുറത്ത് നിന്നും നിയന്ത്രിക്കുന്ന ഹോപ് ഓൺ ഹോപ് ഓഫ് ബോട്ട് സർവീസുകളിൽ പരിമിതമായാണ് യാത്രക്കാരെ കയറ്റുന്നത്. വലിയ ബോട്ടിൽ സീറ്റിംഗ് കപ്പാസിറ്റിയുടെ പകുതി ആളുകൾക്ക് മാത്രമേ യാത്ര ചെയ്യാൻ അനുമതിയുള്ളൂ. കൊവിഡ് വ്യാപനം ഇനിയും ശക്തമായാൽ ആംഫി തിയേറ്ററും, ബോട്ട് സർവീസും പൂർണ്ണമായി അടച്ചിടുന്ന സ്ഥിതി വന്നേക്കാം.