തൃശൂർ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൂരത്തിന് കടുത്ത നിയന്ത്രണം വരാനുള്ള സാദ്ധ്യതയേറുന്നു. ജില്ലയിൽ ഇന്നലെ ഇതുവരെ ഉണ്ടായതിൽ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത് വലിയ ആശങ്കയാണ് ഉണ്ടാക്കിയിട്ടുള്ളത്. ഇത്രയും വലിയ പ്രതിസന്ധി നിലനിൽക്കുമ്പോൾ പൂരവുമായി മുന്നോട്ട് പോകുന്നത് പ്രതിഷേധങ്ങൾക്ക് വഴിവെച്ചേക്കും. പുതിയ സാഹചര്യം ഉണ്ടായതോടെ അണിയറ പ്രവർത്തനങ്ങൾ മന്ദഗതിയിലാണ് നീങ്ങുന്നത്. ഇന്ന് ചീഫ് സെക്രട്ടറിയുടെ സാന്നിദ്ധ്യത്തിൽ നടക്കുന്ന നിർണായക യോഗത്തിൽ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് നിർണായക യോഗം നടക്കുന്നുണ്ട്.
വിപുലമായ ഒരുക്കമില്ല
പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ട് മറ്റന്നാൾ ആണ് മുൻ നിശ്ചയിച്ച പ്രകാരം നടക്കേണ്ടത്. എന്നാൽ മുൻ കാലങ്ങളെ പോലെ വിപുലമായ ഒരുക്കങ്ങൾ നടക്കുന്നില്ല. സാമ്പിൾ വെടിക്കെട്ടിനും പൂരം വെടിക്കെട്ടിനും അനുമതി നേരത്തെ തന്നെ ലഭിച്ചെങ്കിലും നിലവിലെ സാഹചര്യത്തിൽ മൈതാനത്ത് വെടിക്കെട്ടിനു വേണ്ട കുഴികൾ എടുക്കുന്ന ജോലികൾ കാര്യമായി നടക്കുന്നില്ല. നാളെ വൈകിട്ടോടെ എങ്കിലും സാമ്പിൾ വെടിക്കെട്ടിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കണം. സുരക്ഷയുടെ ഭാഗമായി പ്രദക്ഷിണ വഴിക്ക് ചുറ്റും ബാരിക്കേഡുകൾ കെട്ടി കഴിഞ്ഞു. രണ്ടു വിഭാഗങ്ങളുടെയും പന്തലുകലുടെ നിർമ്മാണം പുരോഗമിക്കുന്നുണ്ട്.
താന്ത്രിക ചടങ്ങുകൾ പുരോഗമിക്കുന്നു
പൂരത്തിന് കോടിയേറിയതോടെ പാറമേക്കാവ് - തിരുവമ്പാടി ഭഗവതിമാരുടെ വിവിധ സ്ഥലങ്ങളിക്കുള്ള പുറപ്പാടുകൾ നടന്നു വരികയാണ്. ഘടക ക്ഷേത്രങ്ങളിലെ ദേവി ദേവന്മാരുടെ ഗ്രാമ പ്രദക്ഷിണവും നടക്കുന്നുണ്ട്. കഴിഞ്ഞ തവണ പൂരം ചടങ്ങ് ആയാണ് നടത്തിയത്. ഘടക പൂരങ്ങൾ പങ്കെടുത്തിരുന്നില്ല.
പൂരം പാസ്
പൂരത്തിനുള്ള പ്രവേശന പാസ് കോവിഡ് ജാഗ്രത പോർട്ടലിൽ നിന്നും ഇന്ന്മുതൽ ഡൗൺലോഡ് ചെയ്യാം. തൃശൂർ ജില്ലയുടെ ഫെസ്റ്റിവൽ എൻട്രി രജിസ്ട്രേഷൻ ലിങ്കിൽ മൊബൈൽ നമ്പർ, പേര് തുടങ്ങിയ വിവരങ്ങൾ എന്റർ ചെയ്യുക. തുടർന്ന് രജിസ്റ്റർ ചെയ്ത ഫോൺ നമ്പറിലേക്ക് ഒ.ടി.പി ലഭിക്കും. പാസ് ലഭിക്കുന്നതിന് കൊവിഡ് നിർണയത്തിനുള്ള ആർ.ടി.പി.സി.ആർ പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റോ, രണ്ട് ഡോസ് വാക്സിനേഷൻ എടുത്തതിന്റെ സർട്ടിഫിക്കറ്റോ (ഏതെങ്കിലും ഒന്ന്) അപ്‌ലോഡ് ചെയ്യണം. തുടർന്ന് മൊബൈലിൽ ലഭിക്കുന്ന ലിങ്കിൽ നിന്ന് എൻട്രി പാസ് ഡൗൺലോഡ് ചെയ്യാം.
നഗരത്തിൽ തിരക്ക് കുറഞ്ഞു
പൂരത്തിനുള്ള ദിവസങ്ങൾ അടുത്തെങ്കിലും നഗരത്തിൽ തിരക്ക് ഏറെ കുറവാണ്. പൂരത്തിന് മുമ്പുള്ള ഞായർ ആയ ഇന്നലെ പോലും ഒരിടത്തും ആൾക്കൂട്ടം ഉണ്ടായില്ല. വാഹനങ്ങളും കുറവായിരുന്നു. പൂരം പ്രദർശനം നടക്കുന്നുന്നുടെങ്കിലും അകത്തേക്ക് കടക്കണമെങ്കിൽ കൊവിഡ് പരിശോധന റിപ്പോർട്ട് ആവശ്യമാണ്. അതു കൊണ്ട് തന്നെ ആളുകൾ വിരലിൽ എണ്ണാവുന്നവർ മാത്രമാണ് പ്രവേശിക്കുന്നത്.