തൃശൂർ: കൊവിഡ് വ്യാപനം രൂക്ഷമായതോടെ ജനങ്ങൾ വാക്‌സിനെടുക്കാൻ ആരോഗ്യകേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തിയതോടെ കൊവിഡ് മാനദണ്ഡം ഉറപ്പാക്കാനാവുന്നില്ല. അതേസമയം വാക്‌സിൻ വേണ്ടത്ര ലഭ്യമാകാത്തതിൽ വ്യാപകപ്രതിഷേധവുമുണ്ട്. പ്രതിദിനം 300- 400 പേർക്കാണ് ആരോഗ്യകേന്ദ്രങ്ങളിലൂടെ വാക്‌സിൻ നൽകുന്നത്.
എന്നാൽ അഞ്ഞൂറിലേറെപ്പേരാണ് ആശുപത്രിയിൽ വാക്‌സിൻ കിട്ടുമെന്ന പ്രതീക്ഷയിൽ കയറിയിറങ്ങുന്നത്.
രാവിലെ ഏഴ് മുതൽ ജനമെത്തുന്നുണ്ട്. ഒമ്പതിനാണ് ടോക്കൺ കൊടുത്തു തുടങ്ങുന്നത്. എന്നാൽ പത്താകുമ്പോഴേക്കും ടോക്കൺ അവസാനിക്കും. അതുകൊണ്ട് ആശുപത്രികളിലെത്തി വാക്‌സിനെടുക്കാതെ മടങ്ങുന്നവരേറെ.
നിശ്ചിത ആളുകളെ മാത്രം ആരോഗ്യകേന്ദ്രങ്ങളിലേക്ക് പ്രവേശിപ്പിക്കാനോ ടോക്കൺ വാങ്ങുമ്പോഴും കുത്തിവെയ്പ്പിന് കാത്തുനിൽക്കുമ്പോഴും സാമൂഹിക അകലം ഉറപ്പാക്കാനോ ആരോഗ്യപ്രവർത്തകർക്കാവുന്നില്ല. ഇതിനായി പ്രത്യേകം ജീവനക്കാരെയും ചുമതലപ്പെടുത്തിയിട്ടില്ല. സ്വകാര്യ ആശുപത്രികൾക്ക് വാക്‌സിൻ നൽകുന്നത് പരിമിതപ്പെടുത്തി. സർക്കാർ ആശുപത്രികളിൽ മാത്രം വാക്‌സിൻ വിതരണം നടത്തിയാൽ മതിയെന്നാണ് നിർദ്ദേശം. ഇതോടെ, സ്വകാര്യ ആശുപത്രികളെയും ആശ്രയിക്കാൻ കഴിയാതെയായി. രണ്ടാമത്തെ ഡോസ് എടുക്കേണ്ട തിയതി കഴിഞ്ഞിട്ടും പലർക്കും വാക്‌സിൻ ലഭ്യമാവുന്നുമില്ല. പലയിടത്തും ക്യാമ്പുകൾ നിറുത്തിവയ്ക്കുകയും കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.
ഇന്ന് മുതൽ വാക്‌സിൻ പരിമിതപ്പെടുത്തും
കൊവിഡ് വ്യാപനം കണക്കിലെടുത്ത് തിരക്ക് കുറയ്ക്കാൻ ഇന്ന് മുതൽ ചെറിയ ആരോഗ്യകേന്ദ്രങ്ങളിൽ നൂറ് പേർക്ക് മാത്രമാകും വാക്‌സിൻ നൽകുക. ടൗൺഹാളിൽ അടക്കം നടക്കുന്ന മെഗാക്യാമ്പുകളിൽ പരമാവധി അഞ്ഞൂറ് പേർക്ക് മാത്രമാക്കി പരിമിതപ്പെടുത്തി.
നിറഞ്ഞ് ആശുപത്രികളും
ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് കുതിച്ചുയരുമ്പോൾ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന രോഗികളുടെ എണ്ണവും കൂടുകയാണ്. മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം മുന്നൂറോളമായി. ഈ മാസം ആദ്യം 65 പേർ മാത്രമാണ് മെഡിക്കൽ കോളേജിൽ ഉണ്ടായിരുന്നത്. ഇവിടെ നഴ്‌സുമാരുടെ കുറവ് നികത്താൻ ശ്രമം തുടങ്ങി. കൊവിഡ് ബ്‌ളോക്കിലെ നാല് വാർഡുകളിൽ മൂന്നെണ്ണത്തിൽ രോഗികളായി. രോഗികൾ കൂടിയാൽ പേ വാർഡ് അടക്കം കൂടുതൽ വാർഡുകൾ ഉപയോഗപ്പെടുത്തും. കൊവിഡ് ചികിത്സയ്ക്കായി രണ്ട് വാർഡുകൾ നെഞ്ചുരോഗാശുപത്രിയിലുമുണ്ട്. നൂറോളം വെന്റിലേറ്ററുകളും ഐ.സി.യു കിടക്കകളും തയ്യാറാക്കിയിട്ടുണ്ട്. രോഗികൾ കൂടിയാൽ പ്രതിസന്ധി രൂക്ഷമാകും. മറ്റ് സർക്കാർ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണവും കൂടി.
രോഗികൾക്കായി വിദ്യ എൻജിനീയറിംഗ് കോളേജ്, കിഴക്കേകോട്ടയിലെ ഹോസ്റ്റൽ എന്നിവിടങ്ങളിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ പുനരാരംഭിക്കുന്നതിനായി ഈ സ്ഥാപനങ്ങൾ ഏറ്റെടുക്കുന്നത് സംബന്ധിച്ച നിർദ്ദേശം ഡി.എം.ഒ കളക്ടർക്ക് സമർപ്പിച്ചിട്ടുണ്ട്. നാട്ടിക, മുരിങ്ങൂർ എന്നിവിടങ്ങളിൽ കൂടുതൽ രോഗികളെ കിടത്തിച്ചികിത്സിക്കാനുള്ള സൗകര്യങ്ങളും സജ്ജമാക്കും.
വാക്സിനേഷൻ നില ഇങ്ങനെ
ഒരു ദിവസം വേണ്ടത്: 28,000 വാക്‌സിൻ
ശേഷിക്കുന്നത്: ഒരു ദിവസത്തേക്കുള്ളത്
സ്വകാര്യമേഖലയിൽ അടക്കം വാക്‌സിനേഷൻ കേന്ദ്രങ്ങൾ: 150
സർക്കാർ മേഖലയിൽ : 111