കൊടുങ്ങല്ലൂർ: ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ഊട്ടുപുര പുതുക്കി പണിയുന്നതിൽ ഭക്തജനങ്ങളുടെ ആശങ്ക ദൂരീകരിക്കണമെന്നാവശ്യപ്പെട്ട് ഹൈന്ദവ സംഘടനാ ഭാരവാഹികൾ ദേവസ്വം അസി. കമ്മിഷണർക്കും പൊലീസ് അധികാരികൾക്കും നിവേദനം നല്കി.

മുസിരിസ് പദ്ധതിയിൽ ഉൾപ്പെടുത്തി ഒന്നരക്കോടിയോളം ചെലവിട്ട് നടത്തുന്ന പണികൾ കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ ഉദ്യോഗസ്ഥരുടെ മേൽനോട്ടമില്ലാതെയാണ് നടത്തുന്നതെന്ന് നിവേദനത്തിൽ കുറ്റപ്പെടുത്തി. ഗുണനിലവാരമില്ലാത്ത മരം ഉപയോഗിച്ചും അശാസ്ത്രീയമായും നടത്തുന്ന പണികൾ നിറുത്തി വയ്ക്കണം.

പണികൾ സംബന്ധിച്ച ആശങ്കകൾ പരിഹരിച്ച് സുതാര്യമായ രീതിയിൽ ഊട്ടുപുരയുടെ ജീർണ്ണോദ്ധാരണം നടത്തണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.ഇതു സംബന്ധിച്ച് അധികൃതരുടെ ഭാഗത്തു നിന്നും അടിയന്തര നടപടികളുണ്ടായില്ലെങ്കിൽ ബുധനാഴ്ച ദേവസ്വം അസി. കമ്മിഷണർ ഓഫീസ് ഉപരോധമുൾപ്പെടെയുള്ള പ്രക്ഷോഭമാരംഭിക്കുമെന്ന് തുടർന്ന് ചേർന്ന യോഗം മുന്നറിയിപ്പ് നല്കി. ക്ഷേത്ര സംരക്ഷണ സമിതി താലൂക്ക് ദേവസ്വം സെക്രട്ടറി ജീവൻ നാലുമാക്കൽ അദ്ധ്യക്ഷത വഹിച്ചു. അയ്യപ്പസേവാ സമാജം ജില്ലാ സമിതിയംഗം സി.എം ശശീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. എ.പി വേണുഗോപാൽ, ഹിന്ദു ഐക്യവേദി താലൂക്ക് ജനറൽ സെക്രട്ടറി രാജേഷ് പെരിഞ്ഞനം എന്നിവർ സംസാരിച്ചു.