vr-sunilkumar-mla
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും നിർദേശങ്ങൾക്കുമായി മാളയിൽ ചേർന്ന യോഗത്തിൽ അഡ്വ.വി.ആർ. സുനിൽകുമാർ എം.എൽ.എ സംസാരിക്കുന്നു

മാള: ജനങ്ങളെ ബോധവത്കരിച്ചു, പക്ഷേ വാക്‌സിൻ എവിടെയെന്നാണ് കൊവിഡ് ജാഗ്രതാ യോഗത്തിൽ പങ്കെടുത്ത ജനപ്രതിനിധികളുടെയും ആരോഗ്യ പ്രവർത്തകരുടെയും ചോദ്യം. മാള മേഖലയിലെ തദ്ദേശ പ്രസിഡന്റുമാരുടെ ഈ ആവശ്യം ഡി.എം.ഒ., ജില്ലാ കളക്ടർ എന്നിവരുടെ ശ്രദ്ധയിൽ പെടുത്തി നടപടി സ്വീകരിക്കുമെന്ന് യോഗത്തിൽ പങ്കെടുത്ത അഡ്വ. വി.ആർ സുനിൽകുമാർ എം.എൽ.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് എന്നിവർ വ്യക്തമാക്കി. ആദ്യഘട്ടത്തിൽ വാക്‌സിൻ സ്വീകരിക്കുന്നതിന് വിമുഖത കാണിച്ച നൂറുകണക്കിന് പേരാണ് ഇപ്പോൾ സമീപിക്കുന്നത്. നിരവധി പേരാണ് രോഗ ലക്ഷണം മറച്ചുവച്ച് സ്വയം ചികിത്സ നടത്തുന്നതെന്ന് കുഴൂർ പഞ്ചായത്ത് പ്രസിഡന്റ് സാജൻ കൊടിയൻ യോഗത്തിൽ പറഞ്ഞു. മാള പഞ്ചായത്തിൽ 61 പേരാണ് പൊസിറ്റീവായി ചികിത്സയിലുള്ളത്. കുഴൂർ പഞ്ചായത്തിൽ വാഹനവും ആവശ്യത്തിന് ആരോഗ്യ വകുപ്പ് ജീവനക്കാരും ഇല്ലാത്തത് പ്രതിരോധ പ്രവർത്തനങ്ങൾക്കും വാക്‌സിൻ എടുക്കുന്നതിനും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. 45 രോഗികളാണ് പഞ്ചായത്തിൽ ആകെയുള്ളത്. 4500 ഓളം വാക്‌സിൻ വേഗത്തിൽ ആവശ്യമുണ്ടെന്ന് മെഡിക്കൽ ഓഫീസർ ഡോ. സന്ധ്യാദേവി, പഞ്ചായത്ത് പ്രസിഡന്റ് ഹെൽത്ത് ഇൻസ്‌പെക്ടർ സന്തോഷും യോഗത്തെ അറിയിച്ചു. പൊയ്യ പഞ്ചായത്തിൽ 43 പൊസിറ്റീവ് രോഗികളാണുള്ളത്. അന്നമനട പഞ്ചായത്തിൽ 71 കൊവിഡ് രോഗികളാണ് നിലവിലുള്ളത്. പുത്തൻചിറ പഞ്ചായത്തിൽ 28 രോഗികൾ മാത്രമാണ് ചികിത്സയിലുള്ളത്.